തെന്മലയിലെ ചാക്കോയുടെ ഒറ്റക്കല്ലില്‍ വീട്ടില്‍ മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം പൂട്ട് പൊളിച്ച് പരിശോധന നടത്തി

കെവിന്‍ പി.ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നീനുചാക്കോയുടെ അച്ഛന്‍ ചാക്കോയുടെ കൊല്ലം തെന്മലയിലെ ഒറ്റക്കല്ലില്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തിയത്.
വീട് പൂട്ടിയിട്ടിരുന്നതിനാല്‍ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് കയറിയത്. വീട്ടില്‍ നിന്ന് ലൈറ്റിന്റെ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ആളുണ്ടെന്ന സംശയത്തിലാണ് പൊലീസിന്റെ പരിശോധന. എന്നാല്‍ വീട്ടില്‍ ആരെയും കണ്ടെത്താനായില്ലെന്നാണ് സൂചന. ചാക്കോയെ കേസില്‍ പതിനാലാം പ്രതിയാക്കിയിരുന്നു.
കെവിന്റെ മരണത്തെ തുടര്‍ന്ന് ചാക്കോയും മകന്‍ സാനുവും ഒളിവില്‍ പോയിരുന്നു. നീനുവിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് സഹോദരന്‍ സാനു ചാക്കോ നാട്ടിലെത്തിയത് കെവിനെ കൊല്ലാന്‍ പദ്ധതിയിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചാക്കോയ്ക്കം ഭാര്യ രഹ്നക്കും അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അറസ്റ്രിലായ നിയാസ്, റിയാസ് എന്നിവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദന്പതിമാരെ പൊലീസ് തിരയുന്നതിനിടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്.
നാട്ടിലെത്തിയ സാനു തിരുവനന്തപുരം പേരൂക്കടയിലുള്ള ബന്ധുവീട്ടില്‍ എത്തിയശേഷം പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി 12 അംഗസംഘത്തെ വിളിച്ചതും മുഖ്യആസൂത്രണം നടത്തിയതും ഇയാളാണെന്നാണ് പൊലീസ് നിഗമനം. സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്. ഇതില്‍ രണ്ടു പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി അറിവായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നീനുവിന്റെയും കെവിന്റെയും വിവാഹം നടന്നത്. ആ വിവരം അന്നുതന്നെ നീനുവിന്റെ പിതാവ് മകനെ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍തന്നെ ടിക്കറ്റ് ശരിയാക്കി സാനു നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം, കെവിനെ കൊലപ്പെടുത്തിയശേഷം പേരൂര്‍ക്കട, വഴയിലയിലെ ഭാര്യയുടെ വീട്ടില്‍ എത്തിയശേഷം സാനു നാഗര്‍കോവിലിലേക്ക് മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. പേരൂര്‍ക്കട പൊലീസ് ആ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha