20 വര്‍ഷമായ വാണിജ്യ വാഹനങ്ങള്‍ ഇനി നിരത്തിലിറക്കരുതെന്ന വ്യവസ്ഥ വരുന്നു, 2020 മുതല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

വാണിജ്യ വാഹനങ്ങള്‍ 20 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കരുതെന്ന വ്യവസ്ഥ വരുന്നു. 2020 മുതല്‍ ഈ നിര്‍ദേശം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.ഇതുവഴി രണ്ടാണ് ലക്ഷ്യം. മലിനീകരണം കുറയും. പുതിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടും. നിര്‍ദേശം വൈകാതെ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കും. 2000നു മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ രാജ്യത്തുണ്ട്. അവയാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടിവരുക.
പഴയതിനു പകരം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ആനുകൂല്യം പ്രഖ്യാപിക്കാനും സര്‍ക്കാറിന്റെ കരടുനയം വ്യവസ്ഥ ചെയ്യുന്നു. പഴയവ മാറ്റി പുതിയതു വാങ്ങാന്‍ ജി.എസ്.ടിയില്‍ ഇളവ് അനുവദിക്കും. പഴയതിന്റെ ആക്രിവില നിര്‍ണയിക്കുന്നതില്‍ നിര്‍മാതാക്കള്‍ ഇളവുകള്‍ നല്‍കണം. ഇതെല്ലാം വഴി പുതിയ വാഹനത്തിന്റെ വിലയില്‍ ശരാശരി 15 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ നിര്‍ദേശത്തിന് അംഗീകാരം കിട്ടുന്ന മുറക്ക് ഈ നിര്‍ദേശം കേന്ദ്ര സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലിന്റെ പരിഗണനക്ക് വെക്കും.
പഴയതു മാറ്റി പുതിയത് എടുക്കുന്നതിന് നികുതിനിരക്ക് കുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗണ്‍സിലാണ്. പഴയ വാഹനങ്ങള്‍ ആക്രിയായി വാങ്ങുന്നതിന് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. പഴയതു മാറ്റി പുതിയതു വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ പഴയ വാഹനത്തിന്റെ രേഖകള്‍ ഈ കേന്ദ്രങ്ങളില്‍ ഏല്‍പിക്കണം. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുറക്കാണ് നികുതി ഇളവ് ലഭിക്കുക.
15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം 2016ല്‍ കൊണ്ടുവന്ന ആദ്യത്തെ കരടുനയത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പഠിച്ച സെക്രട്ടറിതല സമിതിയാണ് 20 വര്‍ഷം കഴിഞ്ഞാല്‍ നിരത്തില്‍നിന്ന് ഈ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചത്. വാണിജ്യ വാഹനങ്ങള്‍ക്ക് നാഷനല്‍ പെര്‍മിറ്റ് കിട്ടാന്‍ ഗതിനിര്‍ണയ സംവിധാനം, ഇലക്‌ട്രോണിക് ചുങ്കപ്പിരിവിനുള്ള ഫാസ്റ്റ് ടാഗ് എന്നിവ നിര്‍ബന്ധമാക്കും. െ്രെഡവിങ് ലൈസന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റല്‍ രൂപത്തിലും കാണിക്കാമെന്ന വ്യവസ്ഥ വരും.
ലോറി, ബസ്, വാന്‍, ടാക്‌സി തുടങ്ങി ചരക്കുസാധനങ്ങള്‍ വഹിക്കുന്നതോ, നിരക്ക് ഈടാക്കി യാത്രക്കാരെ കൊണ്ടുപോകുന്നതോ ആയ വാഹനങ്ങളെല്ലാം വാണിജ്യ വാഹനങ്ങളുടെ പട്ടികയില്‍ വരും. ഇതുസംബന്ധിച്ച കരട് ഭേദഗതി ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. നാഷനല്‍ പെര്‍മിറ്റ് വണ്ടികളില്‍ മുന്നിലും പിന്നിലും 'എന്‍.പി' എന്ന് ഇംഗ്ലീഷില്‍ വ്യക്തമായി എഴുതണം. അപകടം പിടിച്ച വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് വെള്ള പെയിന്റ് അടിക്കണം. ഇതടക്കം കരട് നിര്‍ദേശങ്ങളില്‍ ആഗസ്റ്റ് 11വരെ അഭിപ്രായം അറിയിക്കാം
https://www.facebook.com/Malayalivartha