പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ല; പാക്കിസ്ഥാനെതിരേ വീണ്ടും നിലപാട് ശക്തമാക്കാനൊരുങ്ങി ഇന്ത്യ

പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ നിലപാട് ശക്തമാക്കാനൊരുങ്ങി വീണ്ടും ഇന്ത്യ. പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ പാക്കിസ്ഥാന് നദീജലം വിട്ടുനല്‍കുന്നത് തടയണം. പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു യോഗത്തില്‍ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും 1960ല്‍ ഒപ്പുവച്ച സിന്ധു നദീജലകരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാലു നദികളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്ഥയുണ്ട്.
ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനു നല്‍കിയിരുന്ന സൗഹൃദ പദവി ഇന്ത്യ റദ്ധാക്കിയിരുന്നു. പാക്കിസ്ഥാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി 200 ശതമാനത്തിലധികമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പാക് പൗരന്മാര്‍ക്കെതിരെയും രംഗത്തെത്തിയിരുന്നു.
കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് പൗരന്മാര്‍ക്കു താമസസൗകര്യം നല്‍കരുതെന്ന് ജില്ലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.
പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്കു തൊഴില്‍ നല്‍കരുത്. അയല്‍രാജ്യവുമായി നേരിട്ടോ അല്ലാതെയോ യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവു ചൂണ്ടിക്കാട്ടുന്നു. അപരിചിതരായ ആളുകളുമായി സൈനിക നീക്കങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ കൈമാറാന്‍ പാടില്ല. പാക്കിസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ബിക്കാനിര്‍ ജില്ലയില്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . രണ്ടു മാസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിദേശ റജിസ്ട്രേഷന്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാക് പൗരന്മാര്‍ക്ക് ഇതു ബാധകമല്ല.
ഉത്തരവിന് പിന്നാലെ വാടക കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്ന പാക്കിസ്ഥാനികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നാട്ടുകാര്‍ ആരംഭിച്ചു. ബിക്കാനിറിലെ പലയിടത്തുനിന്നും പാക്കിസ്ഥാനികള്‍ പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്.
അതേസമയം ഇന്ത്യ തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമയിലെ ആക്രമണം കൊണ്ട് പാകിസ്താന് യാതൊരു നേട്ടവും ഉണ്ടാകാനില്ലെന്നും ഇന്ത്യ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെങ്കില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഖാന്‍ വിശദീകരിച്ചു.
ഇന്ത്യ പാകിസ്താനെതിരെ സൈനികനടപടിക്ക് ആലോചിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ്സിന് കത്തയച്ചിരുന്നു. മേഖലയിലെ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഷാ ഇന്നയച്ച കത്തില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് ഖുറേഷിയുടെ ആവശ്യം.
https://www.facebook.com/Malayalivartha