പ്രിയങ്ക ചീറ്റിപ്പോയി ; പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം കോണ്‍ഗ്രസിനു നല്‍കുന്ന പുതിയ പ്രതിച്ഛായയെക്കുറിച്ചുള്ള കഥകള്‍ക്ക് അവസാനമായി ; ഉത്തര്‍പ്രദേശില്‍ സമാജ് വാജി- ബഹുജന്‍ സമാജ് സഖ്യം വ്യക്തമായി

പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം കോണ്‍ഗ്രസിനു നല്‍കുന്ന പുതിയ പ്രതിച്ഛായയെക്കുറിച്ചുള്ള കഥകള്‍ക്ക് അവസാനമായി. ഉത്തര്‍പ്രേദശിലെ പ്രതിപക്ഷസഖ്യത്തില്‍ കോണ്‍ഗ്രസിനു സ്ഥാനം പടിവാതിലിലെന്ന് പ്രഖ്യാപിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസിനെ പുറത്താക്കി സഖ്യമുണ്ടാക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് പ്രിയങ്കാ ഗാന്ധിയെ തിടുക്കം പിടിച്ച് രാഷ്ട്രീയത്തിലേക്ക് ആനയിച്ചുകൊണ്ടുവന്നത്. പ്രിയങ്ക വരുന്നതോടെ ജനം ഇന്ദിരാഗാന്ധി വന്നേ എന്നു പറഞ്ഞ് കരഘോഷം മുഴക്കുമെന്നും ഉത്തര്‍പ്രദേശിലെ മുഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥ വരും എന്നൊക്കെയായിരുന്നു കണക്കുകൂട്ടലുകള്‍. പക്ഷേ, കണക്കും സയന്‍സും തെറ്റി. പ്രിയങ്ക വന്നിട്ടും ഒന്നും സഭവിച്ചില്ല. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും അവരുടെ സഖ്യത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവിട്ടു.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലോകസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ അവര്‍ കോൺഗ്രസുമായുള്ള സഖ്യസാധ്യതകൾ അവസാനിപ്പിച്ചു എന്നതാണ് ആ തീരുമാനത്തില്‍ ഏറ്റവും പ്രധാനം. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ സഖ്യം 75 സീറ്റില്‍ മത്സരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മായാവതിയുടെ ബിഎസ്‌പി 38 സീറ്റിലും എസ്‌പി 37 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റ് ഒഴിച്ചിട്ടുണ്ട്. മൂന്ന് സീറ്റ് അജിത് സിങിന്റെ ആര്‍എല്‍ഡിക്ക് വിട്ടുകൊടുക്കാനാണെന്നു കേള്‍ക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മത്സരിക്കുന്ന അമേഠി മണ്ഡലവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും ഒഴിച്ചിട്ടുണ്ട്. ഫലത്തില്‍ രണ്ടു സീറ്റിനാണ് കോണ്‍ഗ്രസിന് അര്‍ഹത എന്ന വ്യക്തമായ സന്ദേശമാണ് പ്രതിപക്ഷ സഖ്യം മുന്നോട്ടു വച്ചിരിക്കുന്നത്.
യുപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുർ എന്നിവടങ്ങളിൽ സമാജ്‌വാദി പാർട്ടി ആയിരിക്കും മത്സരിക്കുക. ലക്നൗ, കാൻപുർ, അലഹബാദ്, ഝാൻസി തുടങ്ങിയ മണ്ഡലങ്ങളിലും അവര്‍ മത്സരിക്കും. മീററ്റ്, ആഗ്ര, ഗൗതം ബുദ്ധ നഗര്‍ എന്ന നോയിഡ, അലിഗഡ്, സഹാറൻപുർ എന്നിവടങ്ങളിൽ ബി എസ് പിയാണ് ബിജെപിയെ നേരിടുന്നത്.
സമാജ് വാദി പാര്‍ട്ടിയും ബിഎസ് പിയും അടുപ്പിക്കില്ല എന്നറിഞ്ഞതോടെ 80 സീറ്റുകളിലും മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനമെന്നാണ് രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചത്. പിന്നെയാണ് പ്രിയങ്കയെ മുന്നില്‍നിര്‍ത്തി കൂടുതല്‍ സീറ്റ് വാങ്ങിച്ചെടുക്കുക എന്ന അടവുമായി കോണ്‍ഗ്രസ് വരുന്നത്. അതോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകൾ ഉയർന്നുവരുന്നു എന്ന തോന്നലുണ്ടാക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് കാണിച്ച ധാര്‍ഷ്ട്യം രൂപംകൊണ്ടുവന്ന സാധ്യതകളെപ്പോലും ഇല്ലാതാക്കി. അവിടെയൊന്നും പരിഗണിക്കപ്പെടാത്ത തങ്ങള്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അങ്ങോട്ട് സീറ്റ് കൊടുക്കുന്നത് നഷ്ടക്കച്ചവടമാണന്ന തോന്നല്‍ മായാവതിക്കു വന്നതാണ് വിശാല സഖ്യം പാളാന്‍ കാരണം.
അതേസമയം, സഖ്യസാധ്യതകള്‍ മങ്ങിയതോടെ മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ 26 സീറ്റിലായിരിക്കും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കാ ഗാന്ധിക്കും 39 സീറ്റുകളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കുമാണ് കോൺഗ്രസ് നല്‍കിയിരിക്കുന്നത്.
ഇതോടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായി. മറ്റു സംസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത കോണ്‍ഗ്രസ് സമീപനം പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പിനു കാരണമാകും. ശക്തമായ ത്രികോണ മത്സരം പല സ്ഥലങ്ങളിലും നടക്കും. അതില്‍ ബിജെപിയ്ക്ക് എത്രമാത്രം ഗുണകരമാകുമെന്ന് വിലയിരുത്താന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. അവസാന നിമിഷമെങ്കിലും, കോണ്‍ഗ്രസ് കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമെന്ന പ്രതീക്ഷ ചില നിരീക്ഷകരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























