ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായവരിൽ പുല്‍വാമ സ്വദേശിയും

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്. ജമ്മുകശ്മീര്‍ സ്വദേശികളായ ഷാനവാസ് അഹമ്മദ്, അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്.
കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഷാനവാസ് അഹമ്മദ്. ജെയ്‌ഷെ മുഹമ്മദിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഗ്രനേഡ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിട്ടുമുണ്ട്. പുല്‍വാമ സ്വദേശിയാണ് അഖിബ് അഹമ്മദ് മാലിക്ക്.
ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ദേവ്ബന്ദില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇസ്ലാം മതപഠന കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണ് ദേവ്ബന്ദ്.
പുല്‍വാമ ആക്രമണത്തിനു മുമ്പുതന്നെ ഇവര്‍ യുപിയില്‍ എത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷെ ഇവര്‍ക്ക് ജയ്‌ഷെ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് ശേഷമാണോ മുന്‍പാണോ ഇവര്‍ ഉത്തര്‍ പ്രദേശില്‍ എത്തിയത് എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന് ഇവരെക്കുറിച്ച് മറ്റ് ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുളളവരാണ് ഇരുവരും.
അതേസമയം ജമ്മുകാശ്മീരിലെ വാര്‍പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.വാര്‍പൊരയില്‍ രാത്രിയില്‍ അവസാനിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ് സൈന്യം.
https://www.facebook.com/Malayalivartha























