തിങ്കളാഴ്ചവരെ ചിദംബരം സിബിഐ കസ്റ്റഡിയിൽ ; മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്ക് നീട്ടി
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്ക് നീട്ടി. ഇതനുസരിച്ച് തിങ്കളാഴ്ചവരെ ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. ചിദംബരത്തിന്റെ നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
കസ്റ്റഡിയിൽ തുടരാൻ എതിർപ്പില്ലെന്ന് ചിദംബരം കോടതിയെ അറിയിക്കുകയായിരുന്നു.ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു ദിവസമായി സിബിഐ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഐ.എൻ.എക്സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്സ്മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha