ഇന്ത്യയുടെ ആ ദൗത്യം വന്‍വിജയം, നാസ വീണ്ടും ഞെട്ടി; ചൊവ്വയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി 'മംഗള്‍യാന്‍'

ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ (മാര്‍സ് ഒാര്‍ബിറ്റര്‍ മിഷന്‍) അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 1,827 ദിവസം പിന്നിട്ടു. 2013 നവംബര്‍ അഞ്ചിന് പി.എസ്.എല്‍.വി എക്സ്.എല്‍ റോക്കറ്റിലാണ് മംഗള്‍യാന്‍ ഉപഗ്രഹം വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തി. അന്ന് മുതല്‍ ചൊവ്വയെ വലം വെക്കുകയാണ് മംഗള്‍യാന്‍.
ആറു മാസത്തെ ദൗത്യം ലക്ഷ്യമാക്കി വിക്ഷേപിച്ച മംഗള്‍യാന്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത് വലിയ നേട്ടമാണ്. മംഗള്‍യാന്‍റെ പ്രവര്‍ത്തനം തൃപ്തികരമെന്നും കുറച്ചുകാലം കൂടി ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗള്‍യാന്‍റേത്. ഉപഗ്രഹത്തിലെ മാര്‍സ് കളര്‍ കാമറ പകര്‍ത്തിയ ചൊവ്വയുടെ 980ലധികം ചിത്രങ്ങള്‍ ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മാര്‍ഷ്യന്‍ അറ്റ്ലസ് തയാറാക്കാന്‍ ഐ.എസ്.ആര്‍.ഒക്ക് കഴിഞ്ഞു.
2008ലാണ് ചൊവ്വാ പര്യവേക്ഷണ ദൗത്യം എന്ന പദ്ധതി ഐ.എസ്.ആര്‍.ഒ അവതരിപ്പിച്ചത്. 2012 ആഗസ്റ്റ് മൂന്നിന് ഗ്രഹാന്തര ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. 454 കോടി രൂപയാണ് മംഗള്‍യാന്‍ പദ്ധതിയുടെ ആകെ ചെലവ്. നിലവില്‍ രണ്ടാം ചൊവ്വാ ദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഐ.എസ്.ആര്‍.ഒ.
ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. കേവലം 454 കോടി രൂപ ചെലവിലാണ് മംഗൾയാൻ വിക്ഷേപിച്ചത്.
ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾയാൻ ഭൂമിയിലേക്ക് അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. പേടകത്തിൽ എത്ര കിലോഗ്രാം ഇന്ധനംകൂടി അവശേഷിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha