തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യവസായി; ഷേക്‌സ്‌പെയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന സാഹിത്യ സൃഷ്ടിയിലെ കൊള്ളപ്പലിശക്കാനെ ഓർമപ്പെടുത്തുന്ന വ്യക്തിത്വം; തമിഴ് സിനിമയിലെ ഷൈലോക്കിന്റെ കഥ ഇങ്ങനെ

തമിഴ് സൂപ്പര്‍താരം, ഇളയ ദളപതി വിജയിയെ ഇൻകം ടാക്സ് ചോദ്യം ചെയ്തതോടെയാണ് അന്‍പുചെഴിയന്‍ എന്ന പേര് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തമിഴ് സിനിമയിലെ ഷൈലോക്ക് എന്നാണ് അദ്ദേഹം അറിയപ്പെടുന്നതുതന്നെ.
വിഖ്യാത സാഹിത്യകാരൻ ഷേക്‌സ്‌പെയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന സാഹിത്യ സൃഷ്ടിയിലെ കൊള്ളപ്പലിശക്കാരനായ ആ ജൂതപ്രതിനായകനെ അറിയാത്തവർ വിരളമാണ്. മൂവായിരം സ്വര്‍ണനാണയങ്ങള്‍ക്ക് ഒരു റാത്തല്‍ മനുഷ്യമാംസം പലിശയായി ചോദിച്ച ഷൈലോക്ക്. ലോകസാഹിത്യ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒരുവനായ ഷൈലോക്ക്. ആ കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധമാണ് തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യവസായിയായ അന്‍പുചെഴിയനെ ഭയത്തോടെ കോളിവുഡ് ചലച്ചിത്ര ലോകം കാണുന്നത്.
സ്വന്തമായി നിര്‍മാണ കമ്ബനിയുണ്ടെങ്കിലും തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് മറ്റു നിര്‍മാതാക്കള്‍ക്ക് വട്ടിപ്പലിശക്ക് പണം കടം നല്‍കുകയാണ് അന്‍പുചെഴിയന്റെ പ്രധാന തൊഴില്‍. വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം'ബിഗില്‍' സിനിമയുടെ പേരില്‍ 300 കോടിയിലധികം രൂപയുടെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇപ്പോള്‍ നേരിടുന്ന ആരോപണം. ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 കേന്ദ്രങ്ങളിലെ റെയ്ഡിന് പുറമേ, അന്‍പുചെഴിയന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ റെയ്ഡുകളാണ് ഒടുവില്‍ വിജയിന്റെ വീട്ടിലേക്കുമെത്തിയത്.
ഫിലിം റീലുകള്‍ ചുമലിലേന്തി നടക്കുന്നതാണ് അന്‍പുചെഴിയന്റെ ആദ്യകാല സിനിമാബന്ധം. പതിയെ സഹപ്രവര്‍ത്തകര്‍ക്ക് പണം കടം കൊടുക്കലായി. ആദ്യകാലത്ത് ചെറിയ തോതില്‍ ചിട്ടി നടത്തിയാണ് തുടക്കം. പിന്നീട് ചെറുകച്ചവടക്കാര്‍ക്ക് പലിശയ്ക്കു പണം കൊടുക്കലായി. പിന്നാലെ സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. നിര്‍മാതാക്കളുടെ സ്വത്ത് ഈട് മേടിച്ചാണ് കടംകൊടുക്കല്‍. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാല്‍ സ്വത്ത് കൈക്കലാക്കും. 5000 രൂപയുടെ ആ ബിസിനസ് പിന്നീട് മധുരൈ-രാമനാഥപുരം സര്‍ക്കിളിലെ തിയറ്റര്‍ ഉടമകള്‍ക്ക് സിനിമാ റിലീസിന് പണം നല്‍കുന്ന നിലയിലേക്ക് വളര്‍ന്നു. തിയറ്റര്‍ ഉടമകളെ പേടിപ്പിച്ച് മൂന്നുദിവസത്തിനകം പലിശ സഹിതം പണം വാങ്ങി വട്ടിപലിശക്കാരനായി.
ഗോപുരം ഫിലിംസ് എന്നാണ് സ്വന്തം നിര്‍മാണ കമ്ബനിയുടെ പേര്. രാമനാഥപുരം ജില്ലയിലെ കമുദി സ്വദേശിയായ ഇയാള്‍ 1990 കളുടെ തുടക്കത്തിലാണ് മധുരയിലേക്ക് താമസം മാറ്റിയത്. മധുരൈ അന്‍പുവെന്നു വിളിപ്പേര്. 2003ല്‍ മണിരത്നത്തിന്റെ സഹോദരനും നിര്‍മാതാവുമായ ജി വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അന്‍പുവിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്.
2017ല്‍ നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ അന്‍പുചെഴിയനാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും സൂചിപ്പിച്ചു. എന്നാല്‍, പല സിനിമാ രാഷ്ട്രീയ പ്രമുഖരും ചെഴിയനു വേണ്ടി രംഗത്തെത്തി. പിന്നില്‍ കേസില്‍ നിന്നു തടിയൂരുന്നതാണ് സിനിമാലോകം കണ്ടത്.
അശോക് കുമാറിന്റെ മരണവാര്‍ത്ത 2017ല്‍ തമിഴ് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അശോക് കുമാറിനെ ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശസ്ത സംവിധായകന്‍ ശശികുമാറിന്റെ അടുത്ത ബന്ധുവായിരുന്നു അശോക് കുമാര്‍. പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നത് അശോക് കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു.
പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ അന്‍പുചെഴിയന്‍ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു, പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള ഇയാള്‍ നിര്‍മ്മാണ കമ്ബനിക്ക് നല്‍കിയ വായ്പയുടെ പലിശയായി കൂടുതല്‍ പണമീടാക്കിയതായും അശോക് കത്തില്‍ പറഞ്ഞു.
ചലച്ചിത്ര മേഖലയില്‍ സ്ഥിരസാന്നിധ്യമായതിന് പിന്നാലെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അടുപ്പക്കാരനായി. ദക്ഷിണമേഖലയില്‍ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. ഏതുപാര്‍ട്ടിക്കാര്‍ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. 2011 ഡിസംബറില്‍ മധുര റൂറല്‍ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തു. വധശ്രമം, ക്രിമിനല്‍ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങള്‍. 'മീശൈ മകന്‍' എന്ന സിനിമ നിര്‍മ്മിക്കാന്‍ എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്ബ് പേപ്പറിലും ലെറ്റര്‍ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരന്‍ ഒരുകോടി വരെ നല്‍കിയിട്ടും അന്‍പുചെഴിയന്‍ ഭീഷണി തുടര്‍ന്നു. തുടര്‍ന്നാണ് പരാതി പൊലീസിന് മുന്നിലെത്തുന്നത്.
https://www.facebook.com/Malayalivartha