ജനങ്ങള്‍ ഉണ്ടെങ്കിലെ സമ്പദ് വ്യവസ്ഥ ഉണ്ടാവുകയുള്ളുവെന്നാണ് ആദ്യം ഞാന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ജനങ്ങളേയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതുണ്ട്. മോദിയുടെ മനസിലുള്ളതെന്ത്?

ജനങ്ങളുടെ ജീവനോടൊപ്പം സമ്പദ്വ്യവസ്ഥയേയും സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. രോഗവ്യാപനം തടയുന്നതിനാണ് രാജ്യത്തെ മുഴുവന്‍ അടച്ചുപൂട്ടിയ ലോക്ക് ഡൗണ്‍ മൂന്ന് ആഴ്ചത്തേക്ക് നടത്തിയത്. ഘട്ടം ഘട്ടമായി വിപണിയെ സജീവമാക്കേണ്ടത് അത്യാവശ്യമാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഉള്ളതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ ഉണ്ടെങ്കിലെ സമ്പദ് വ്യവസ്ഥ ഉണ്ടാവുകയുള്ളുവെന്നാണ് ആദ്യം രാജ്യത്തേ അഭിസംബോധന ചെയ്യവെ ഞാന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ജനങ്ങളേയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതുണ്ട്. വീഡിയോ കോണ്‍ഫറന്‍സിനിടെയില്‍ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൃഷി, അതുമായി ബന്ധപ്പെട്ട മേഖലകളില്‍ ചില പ്രത്യേക രീതി അവലംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമങ്ങള്‍ പരിഷ്‌കരിച്ച് ഫാമുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് പച്ചക്കറികള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ അനുവാദം നല്‍കുകയെന്നാണ് ഇതിലൊന്ന്. ജനങ്ങളെ വീടുകളില്‍ തന്നെ കഴിയാന്‍ പ്രേരിപ്പിക്കല്‍ മാത്രമല്ല ഉത്പന്നങ്ങള്‍ നേരിട്ട് അവരിലേക്ക് എത്താനും ഇടവരുത്തുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനും കേന്ദ്രം ആലോചിക്കുന്നുവെന്നാണ് വിവരങ്ങള്‍. ജോലിയില്ലാതായ ആയിരക്കണക്കിന് ദിവസവേതന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന. ഭക്ഷണ, പച്ചക്കറി, പലചരക്ക്, മരുന്ന് കടകള്‍ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിടപ്പെട്ടത് ഇന്ത്യയുടെ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജിഡിപിയില്‍ കുത്തനെ ഇടിവുണ്ടാകുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. ഇതിനിടെ, ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശരിയായ തീരുമാനം എന്നാണ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. ചില മേഖലകള്‍ക്ക് ഇളവു നല്‍കാനും സാധ്യതയുണ്ട്. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവു കൊടുത്തില്ലെങ്കില്‍ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുമോ എന്ന സംശയമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സൂചന നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























