സുപ്രീംകോടതിയിലെ നോണ്‍ ജുഡിഷ്യല്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം

സുപ്രീംകോടതിയിലെ നോണ്‍ ജുഡിഷ്യല്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ദളിത് പശ്ചാത്തലമുള്ള ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് കേന്ദ്ര സംവരണ ചട്ടം മാനദണ്ഡമാക്കിയാണ് നടപടി സ്വീകരിച്ചത്.
സുപ്രീംകോടതിയുടെ 75 വര്‍ഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴിത്തിരിവാകുന്നത്. നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിനും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗത്തിന് 7.5 ശതമാനവും ക്വാട്ട നിശ്ചയിച്ചു. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സംവരണതത്വം ബാധകമാക്കിയിട്ടില്ലെങ്കിലും ഉന്നത പദവിയായ രജിസ്ട്രാര്‍ മുതല്‍ താഴേതട്ടിലെ ചേംബര്‍ അറ്റന്‍ഡന്‍സ് വരെയുള്ള തസ്തികകളില്‍ എത്താന്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അവസരമൊരുങ്ങുകയും ചെയ്യും.
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളും ഇതിന്റെ പരിധിയില്‍ വരും. സംവരണം പൂര്‍ണമായി നടപ്പിലാകുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ എസ്.സി/എസ്.ടി വിഭാഗകാരായി ഉണ്ടാവും.
സംവരണനയം ജൂണ്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വ്യക്തമാക്കി 24ന് എല്ലാ ജീവനക്കാര്‍ക്കും ചീഫ് ജസ്റ്റിസ് ഇ- മെയിലിലൂടെ അഭ്യന്തര സര്‍ക്കുലര്‍ അയച്ചു. ഇന്നലെയാണ് ഇത് മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നത്. തുടര്‍ന്ന് തന്റെ നിലപാട് പൊതുസമൂഹത്തെ അറിയിക്കാന്‍ അദ്ദേഹം മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചു. നവംബര്‍ 23ന് ജസ്റ്റിസ് ഗവായ് വിരമിക്കുകയാണ്.
https://www.facebook.com/Malayalivartha