ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് യുവതി തീകൊളുത്തി മരിച്ചു

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി രഞ്ജിതയാണ് (32) മരിച്ചത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഭര്‍ത്താവിന്റെ കുടുംബം ഉപദ്രവിച്ചെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകര്‍ത്തിയ വീഡിയോയില്‍ പറയുന്നു. 70ശതമാനത്തിലേറെ പൊളളലേറ്റ രഞ്ജിത മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും ഭര്‍തൃപിതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്. 'എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ കെട്ടിപ്പിടിച്ചു, ഉപദ്രവിക്കാന്‍ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി' യുവതി വീഡിയോയില്‍ പറയുന്നു. അതേസമയം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുവതിയുടെ ഇളയ മകന്‍, മുത്തശ്ശന്‍ ഉപദ്രവിച്ചതിനെക്കുറിച്ച് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി മറ്റൊരു വിഡിയോയും പുറത്തുവിട്ടു.
യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. 'ഇത് 13 വര്‍ഷത്തെ പീഡനമായിരുന്നു. സ്ത്രീധനമായി സ്ഥലവും കൂടുതല്‍ സ്വര്‍ണ്ണവും ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവളുടെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം മര്‍ദ്ദിക്കുകയും എല്ലാം നിശബ്ദമായി സഹിക്കാന്‍ രഞ്ജിതയോട് ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം വീട്ടിലേക്കു വന്നാല്‍ പിന്നെ അങ്ങോട്ട് തിരിച്ചുപോവേണ്ടെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ രഞ്ജിതയെ ഭീഷണിപ്പെടുത്തിയിരുന്നു' യുവതിയുടെ സഹോദരി അളകസുന്ദരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha