ഇന്ധനവില വർദ്ധനവ്.... ഡൽഹിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു....യാത്രാ ക്ലേശം രൂക്ഷം

ഡൽഹിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചാലക് ശക്തി യൂണിയൻ അടക്കം നിരവധി പ്രമുഖ സംഘടനകൾ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൽഹി എൻസിആർ മേഖലയിൽ മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം ടാക്സി-ഓട്ടോ ഡ്രൈവർമാർ സമരത്തിന്റെ ഭാഗമാകുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്.
അതേസമയം ഒരു വിഭാഗം സംഘടനകൾ ഈ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നു. ഒരു വിഭാഗം സർവീസ് നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങാത്തതിനാൽ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























