പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം

പാകിസ്ഥാനിലെ പള്ളിയില്‍ ജുമാ നമസ്‌ക്കാരത്തിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുള്ള കോഹട്ട് ജില്ലയിലെ പള്ളിയിലാണ് സംഭവം. പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളായിരുന്നു പരിക്കേറ്റവരില്‍ ഭൂരിഭാഗവും. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
പള്ളിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അക്രമികള്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച രണ്ട് ആയുധധാരികളായ അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ അഞ്ച് പൊലീസുകാരും 10 പ്രദേശവാസികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അക്രമിയെ വധിച്ചതായും അധികൃതര്‍ അറിയിച്ചു.
അക്രമത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ഹംഗു ജില്ലയില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് സൈനികര്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് അടുത്ത ആക്രമണം. ഇന്നലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ പാക് താലിബാന്‍ സംഘടനയില്‍പ്പെട്ട 10 ഭീകരരെ വധിച്ചതായി സൈന്യവും പൊലീസും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























