നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത

നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍ അറസ്റ്റില്‍. ഒക്ടോബര്‍ 6നാണ് നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പ്. പഴയൊരു കൊലക്കേസിലാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മിലന്‍ പ്രധാനെ പിന്തുണയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ്. 2007ല്‍ നന്ദിഗ്രാമില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാന്‍ അറസ്റ്റിലായത്.
ഇന്ന് കാളിഘട്ടിലെ വസതിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതയുടെ വിഭാഗം മത്സരിപ്പിച്ച സഞ്ചിത പ്രധാന്‍ ഡേ പിന്മാറിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. കോണ്‍ഗ്രസിനെ 'സഹോദര പാര്‍ട്ടി' എന്നാണ് മമത വിശേഷിപ്പിച്ചത്. ഇന്ത്യ ബ്ലോക്കിനെ ശക്തിപ്പെടുന്നതിന് വേണ്ടിയാണ് ഈ പ്രഖ്യാപനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2007ല്‍ നന്ദിഗ്രാമില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭം മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായകമായ ഒന്നായിരുന്നു. 34 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുമുന്നണിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം കെട്ടിപ്പടുക്കാന്‍ ഈ പ്രക്ഷോഭം സഹായിച്ചു. 2011 മുതല്‍ അധികാരത്തിലിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയോട് അടിയറവ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























