ഇ-ബസ് വിഷയത്തിൽ സിപിഎം നേതാക്കൾക്ക് പരോക്ഷ മറുപടിയുമായി കെബി ഗണേഷ് കുമാർ; തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്... ശിക്ഷിച്ച് കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കണ്ടല്ലോ..! ഞാൻ ഇനി കണക്ക് പറയുന്നില്ല; എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കും...

ഇലക്ട്രിക്ക് ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തിന് വിരുദ്ധമായ കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നത്. മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതില്‍ മന്ത്രിയ്ക്ക് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ തിരുത്തും കെ.എസ്.ആർ.ടി.സിയുടെ കണക്കുകൾ പുറത്തായതോടെയും ഇലക്ട്രിക് ബസ് വിഷയത്തിൽ നിന്ന് മന്ത്രി പിൻവലിയുകയാണ്. കെ.എസ്.ആർ.ടി.സി സമർപ്പിച്ച കണക്കുകൾ പരിശോധിച്ച് ഇലക്ട്രിക് ബസുകളുടെ ഭാവിയിൽ
തീരുമാനമെടുക്കുമെന്നാണ് ഗതാഗതമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചത്. ചെലവു ചുരുക്കൽ പരിഷ്കാരങ്ങളുടെ കൂട്ടത്തിലാണ് ഗതാഗതമന്ത്രി ഇലക്ട്രിക് ബസുകളെ നോട്ടമിട്ടത്. എന്നാൽ, പ്രതീക്ഷിക്കാത്ത ഷോക്കാണ് സി.പി.എമ്മിൽ നിന്നു മന്ത്രിക്ക് കിട്ടിയത്. കണക്ക് വച്ച് പ്രതിരോധിക്കാമെന്ന് മനസിൽ ഉറപ്പിച്ച മന്ത്രി കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് ആകട്ടെ മന്ത്രിയുടെ മേശപ്പുറത്ത് എത്തും മുമ്പ് മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞു.
ഇക്കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ ഇലക്ട്രിക് ബസിൽ നിന്ന് 2.88 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് കണക്ക്. സി.പി.എമ്മിന്റെ കൊട്ടും കൂടിയായതോടെ കയ്ച്ചിട്ട് ഒട്ട് ഇറക്കാനും മധുരിച്ചിട്ട് ഒന്ന് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് മന്ത്രി ഇപ്പോൾ. അതിനിടെ സിപിഎം നേതാക്കൾക്ക് പരോക്ഷ മറുപടിയുമായി കെബി ഗണേഷ് കുമാർ രംഗത്ത് എത്തി. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ.
എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്ട്രേഷൻ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വീസുകള്‍ ലാഭമാണെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്നലെ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചോര്‍ന്ന വിവരം പരാമര്‍ശിച്ച മന്ത്രി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന നിർദ്ദേശം നൽകിയിരുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. ഇ ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോര്‍ട്ട് മന്ത്രി കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു.
സി.എം.ഡി ബിജു പ്രഭാകര്‍ വിദേശത്തേക്ക് പോയതിനാല്‍ ജോയിന്റ് എം.ഡിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പാണ് വിവരങ്ങള്‍ പുറത്തുവന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായത്. ഇ ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, വി.കെ.പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തായതും. ഇത് മന്ത്രിയെ ചൊടിപ്പിക്കുകയും ചെയ്തു.
ഇലക്ട്രിക് ബസിന്റെ ഡിസംബര്‍ മാസം വരെയുള്ള സര്‍വീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂര്‍ണമായും വ്യക്തമാക്കുന്നതാണ് കെ എസ് ആര്‍ ടി സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇലക്ട്രിക് ബസ്സുകളുടെ ലാഭ നഷ്‌ക്കണക്കുകള്‍ രേഖപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് സി എം ഡി ഇന്ന് മന്ത്രിക്ക് സമര്‍പ്പിക്കും. സി എം ഡിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് ഗതാഗത മന്ത്രി കടക്കാനിരിക്കെയാണ് കെ എസ് ആര്‍ ടി സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഏപ്രില്‍ മാസത്തില്‍ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകള്‍ ഡിസംബര്‍ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആര്‍ ടി സിയുടെ കണക്ക്.
https://www.facebook.com/Malayalivartha