മൂന്ന് മാസം മുമ്പ് ഒമാനിലെത്തി, പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒമാനില്‍ പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന് ജോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. അവിവാഹിതനാണ്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ജോബിന് ഒമാനില്‍ എത്തിയത്. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി.
അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) ആണ് റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദിഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്. ഭാര്യ: ഫാത്തിമ, മക്കള്‍: ജസ്ന, അസ്ലി.
https://www.facebook.com/Malayalivartha