പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ, സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത് ആയിരം ദിര്‍ഹത്തിന്റെ നോട്ട്, പോളിമര്‍ മെറ്റീരിയലുപയോഗിച്ച് നിര്‍മ്മിച്ച പുതിയ നോട്ടുകള്‍ അടുത്ത വര്‍ഷം ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.
അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. ബറാക ആണവോര്‍ജ പ്ലാന്റിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍വശത്ത് നല്‍കിയിരിക്കുന്നത്. യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ചിത്രവും അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയലുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള നോട്ട് പേപ്പറിനേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























