ഇനി എല്ലാം 'സാറ' പറയും.....! പ്രവാസികൾക്ക് ഒരുക്കിയ വമ്പൻ സർപ്രൈസ്, ലോകത്തിലെ ആദ്യത്തെ റോബട്ടിക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി

വികസന കാര്യത്തിൽ യുഎഇ എന്നും മുൻപന്തിയിലാണ്. അതിനാൽ തന്നെ പുതിയ സാങ്കേതികവിദ്യ രാജ്യത്ത് കൊണ്ടുവരുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിൽ ന്യൂതന സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് ബയോ മെട്രിക് സംവിധാനം പോലുള്ളവ. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.
എന്നാൽ ഇപ്പോൾ അതുക്കും മേലെ പ്രവാസികളെ അമ്പരിപ്പിച്ചിരിക്കുകയാണ് യുഎഇ. ലോകത്തിലെ ആദ്യത്തെ റോബടിക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. ഇതുപ്രകാരം ഇനി നിങ്ങൾക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം. ഇത് തികച്ചും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്.
അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. നടപടിക്രമങ്ങൾ നോക്കാം...റോബട്ടിന്റെ സ്ക്രീൻപാഡിൽ പാസ്പോർട്ട് സ്കാൻ ചെയ്യുക. റോബട്ടിന്റെ സ്ക്രീനിൽ തെളിയുന്ന ചതുരത്തിന് മധ്യത്തിൽ മുഖം കാണുംവിധം നിൽക്കുക.ടിക്കറ്റിലെയും പാസ്പോർട്ടിലെയും വിവരങ്ങൾ സാറ ഒത്തു നോക്കിയശേഷം ഇന്ന സമയത്ത് വിമാനം പുറപ്പെടും, ചെക്ക്–ഇൻ ചെയ്തോട്ടെ എന്ന് ചോദിക്കും.
യെസ് എന്ന നിർദേശം വാക്കാലോ സ്ക്രീനിൽ പ്രസ് ചെയ്തോ നൽകാം. ചെക്ക്–ഇൻ വിജയകരമായി പൂർത്തിയായി. ബോഡിങ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബട്ടിൽ ഓപ്ഷനുണ്ട്. ബാഗേജ് കൗണ്ടറിൽ എത്തി ബാഗേജ് നൽകി യാത്ര തുടരാം. ചെക്ക്–ഇൻ സൗകര്യത്തിന് പുറമേ യാത്രക്കാർക്ക് മാർഗനിർദേശം നൽകാനും സാറയ്ക്കാകും. കൂടുതൽ സേവനം ഉൾപ്പെടുത്താനും ഇതിൽ സംവിധാനമുണ്ട്.
തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് റോബട്ടിന്റെ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.
https://www.facebook.com/Malayalivartha























