നാലുവർഷമായി നാട്ടിൽ പോകാനാകാതെ സൗദിയിൽ കഴിഞ്ഞ പ്രവാസി താമസസ്ഥലത്ത് ജീവനൊടുക്കി
സൗദിയിൽ താമസസ്ഥലത്ത് പ്രവാസി ജീവനൊടുക്കി. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) ആണ് മരിച്ചത്. കഴിഞ്ഞ നാലുവർഷമായി നാട്ടിൽ പോകാനാകാതെ ഇദ്ദേഹം സൗദിയിൽ കഴിയുകയായിരുന്നു.
താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ മാര്‍ച്ച് 23നാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് വർഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. സുനിലിന്റെ മൃതദേഹം ബുധനാഴ്ച രാത്രി 11.55നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോടേക്ക് എത്തിച്ചു.
ഭാര്യ - ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് ചെറിയവളപ്പ് എന്നിവർ രംഗത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha