യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു, ഹൃദയാഘാതം മൂലം ദുബൈയില്‍ മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി
യുഎഇയില്‍ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫി (59) ആണ് ദുബൈയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധികൾ അറിയിച്ചു. പിതാവ്- അബ്ദുൽ അസീസ്. മാതാവ്- ഐഷാ ബീവി. ഭാര്യ - സീന. മക്കൾ - റഹീസ് (ദുബൈ), ഈസ, ആയിഷ.
അതേസമയം, ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹ്റൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക.
ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ചന്ദ്രികയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചന്ദ്രികയുടെ മരണത്തെകുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്കി. ആരോഗ്യ വകുപ്പിലും പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.
https://www.facebook.com/Malayalivartha