സൗദിയിൽ നിയമ വിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താൻ റെയ്ഡ്...! വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 11,614 പ്രവാസികളെ പിടികൂടി, കണക്കുകൾ പുറത്തുവിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

സൗദിയില്‍ നിയമ വിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി അധികൃതർ നടത്തുന്ന പരിശോധനകൾ
തുടരുകയാണ്. ദിനംപ്രതി പരിശോധനകൾ ഇത്തരത്തിൽ നടത്തുന്നുണ്ട്. ആഴ്ച്ചതോറും പിടിയിലായവരുടേയും നാടുകടത്തപ്പെട്ടവരുടേയും വ്യക്തമായ കണക്കുകൾ പുറത്തുവിടാറുണ്ട് സൗദി ആഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളിൽ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 11,614 പ്രവാസികളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 25 മുതല്‍ 31 വരെയുള്ള ഒരാഴ്ച പിടിയിലാായവരുടെ കണക്കുകൾ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേര്‍ പിടിയിലായത്.
ഇതിനു പുറമെ, വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടികൂടപ്പെട്ട് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 6,356 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കം 28,927 പ്രവാസികള്‍ നടപടികളും കാത്ത് കഴിയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 24,134 പേര്‍ പുരുഷന്‍മാരും 4,793 പേര്‍ സ്ത്രീകളുമാണ്. ഇവരുടെ നിയമലംഘനങ്ങളുമായും യാത്രയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് നാടുകളിലേക്ക് പറഞ്ഞയക്കും.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 654 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ആവശ്യമായ വിസയോ മറ്റ് രേഖകളോ ഇല്ലാതെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചക്കവെയാണ് ഇവര്‍ പിടിയിലായത്. അതിനിടെ, ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 44 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. രാജ്യത്ത് വിസയില്ലാതെ കഴിയുന്നവര്‍ക്ക് താമസം ഒരുക്കിനല്‍കുകയും തൊഴില്‍ വിസയില്ലാതെ ജോലിക്ക് നിര്‍ത്തുകയും നിയമലംഘകര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തതിന് 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























