വയോധികയ്ക്കു ബാങ്കില്‍ നിന്നു ലഭിച്ചത് പൊടിഞ്ഞ നോട്ടുകളുടെ കെട്ട്!

വടക്കേവിള തുണ്ടില്‍ പറമ്പില്‍ വീട്ടില്‍ കെ.അരുന്ധതി എന്ന വയോധികയ്ക്ക് ബാങ്കില്‍ നിന്നു ലഭിച്ചത് പൊടിഞ്ഞ നോട്ടുകെട്ട്. പൊടിഞ്ഞുതുടങ്ങിയ 10 രൂപ നോട്ടുകളുടെ കെട്ട് കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയില്‍ നിന്നാണ് ലഭിച്ചത്.
കശുവണ്ടി തൊഴിലാളി പെന്‍ഷന്‍ തുകയായ 1,000 രൂപ പിന്‍വലിച്ചപ്പോഴാണു പഴയ നോട്ടുകെട്ടു നല്‍കിയത്. വീട്ടിലെത്തി കെട്ടു പൊട്ടിച്ചപ്പോള്‍ 13 നോട്ടുകള്‍ ആരും എടുക്കാത്ത വിധം പൊടിഞ്ഞിരിക്കുകയായിരുന്നു.
സമീപത്തെ ബാങ്കുകളില്‍ കൊണ്ടുപോയെങ്കിലും പെന്‍ഷന്‍ തുക ലഭിച്ച ബാങ്കില്‍ നല്‍കാനായിരുന്നു മറുപടി. പഴകിയ നോട്ടുകള്‍ എത്തിച്ചാല്‍ മാറ്റി നല്‍കുമെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.
ബാങ്ക് ചെസ്റ്റില്‍ നിന്നു കൊണ്ടുവന്ന നോട്ടുകെട്ടുകളാണ് അക്കൗണ്ട് ഉടമകള്‍ക്കു നല്‍കിയത്. പണം വാങ്ങിയ ഏതാനും പേര്‍ പഴകിയ നോട്ടുകളുമായെത്തി മാറ്റി വാങ്ങിയിരുന്നു.
അരുന്ധതിക്കു ബസില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഓട്ടോയില്‍ ആനന്ദവല്ലീശ്വരം വരെ പോകുന്നതിനു 150 രൂപ നിരക്കു നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha



























