വിനീത് ശ്രീനിവാസന്റെ ഫോണ്‍ നമ്പര്‍ കാരണം ഒരു യുവാവിനു വന്ന പങ്കപ്പാട്!

ഒരു ദിവസം പല തവണ ആളുകള്‍ ഫോണില്‍ വിളിച്ച് വിനീത് ശ്രീനിവാസനാണോ, വിനീത് ശ്രീനിവാസന് ഒന്ന് ഫോണ്‍ കൊടുക്കുമോ എന്നെല്ലാം ചോദിച്ച് ദേഷ്യപ്പെടുകയോ കരയുകയോ ഒക്കെ ചെയ്താല്‍ എന്തുചെയ്യും? ഈയൊരവസ്ഥയിലാണ് ചെര്‍പ്പുളശ്ശേരിക്കാരനായ വിഷ്ണു പ്രസാദ്.
ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെ പ്രശ്‌നം മലയാളത്തിലെ പ്രമുഖ സിനിമാ ഗ്രൂപ്പുകളിലൊന്നായ സിനിമ പാരഡൈസോ ക്ലബില്‍ അവതരിപ്പിച്ചു, തന്റെ പ്രശ്‌നത്തിന് 'കാരണക്കാരനായ' ഒറിജിനല്‍ വിനീത് ശ്രീനിവാസന്റെ പക്കല്‍ നിന്നും തന്നെ പ്രശ്‌നപരിഹാരം ലഭിച്ചിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനീത് ശ്രീനിവാസന്‍ എടുത്ത കണക്ഷന്‍ പിന്നീട് കമ്പനി കട്ട് ചെയ്യുകയും ശേഷം അതെ നമ്പര്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വിഷ്ണു എന്നയാളിന് അനുവദിക്കുകയൂം ചെയ്യുകയാണുണ്ടായത്. വിഷ്ണുവിന് ലഭിക്കുന്ന ഏകദേശം എല്ലാ ഫോണ്‍ വിളികളും പലപ്പോഴും കരഞ്ഞ് കൊണ്ടും സങ്കടം പറഞ്ഞു കൊണ്ടുമാണെന്നാണ് വിഷ്ണു പറയുന്നത്.
ദയവ് ചെയ്ത് വിനീത് ശ്രീനിവാസന് ഫോണ്‍ കൊടുക്കണമെന്ന് കാല് പിടിച്ച് പറഞ്ഞ നിരവധി പേരുണ്ട്. ഏറ്റവും ഒടുവില്‍ ഒരാള്‍ വിളിച്ച് കരഞ്ഞ് കൊണ്ട്, എന്റെ ജീവിതമാ സാറേ, ദൈവത്തെ ഓര്‍ത്തു വിനീത് സാറിനു ഫോണ്‍ കൊടുക്കണേ എന്നൊക്കെ വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പറയാന്‍ തീരുമാനിച്ചതെന്ന് വിഷ്ണു പറയുന്നു.

ഇത് വഴി വിനീത് ശ്രീനിവാസനോളം കാര്യം എത്തുകയും അദ്ദേഹം ഔദ്യോഗികമായി തന്നെ തിരുത്തുകയും ചെയ്യും എന്ന ധാരണയിലാണ് അങ്ങനെ ചെയ്‌തെതെന്ന് വിഷ്ണു പറയുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം അറിഞ്ഞ വിനീത് ശ്രീനിവാസന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ തിരുത്തുമായി വന്നിരിക്കുകയാണ്.

താന്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചതിന് വിഷ്ണുവിനോട് മാപ്പും പറഞ്ഞിട്ടുണ്ട് വിനീത് ശ്രീനിവാസന്‍. തന്റെ പേരിലുള്ള Vineeth_Sree എന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. ഏതായാലും ഈ ഫോണ്‍ നമ്പര്‍ കാരണമുള്ള ബുദ്ധിമുട്ട് ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഇപ്പോള്‍.
https://www.facebook.com/Malayalivartha



























