വിവാഹദിവസം സ്ത്രീധനമായി വിവിധ തരം ബൈക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു; വധുവിന്റെ വീട്ടുകാര്‍ വരനെ പിടിച്ച് തലമൊട്ടയടിച്ചു വിട്ടു!

ലഖ്‌നൗവിലെ കുരാംനഗറില്‍ അടുത്തിടെ, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനെത്തിയ വരന്റെ തല പകുതി മൊട്ടയടിച്ചുവിട്ടു. കല്യാണ ദിവസം സ്ത്രീധന ആവശ്യം അതിരുകടന്നപ്പോഴാണ് രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇങ്ങനെ പെരുമാറിയത്.
വിവാഹത്തിന് 5 ദിവസം മുന്‍പ് സ്ത്രീധനമായി വരന്‍ ചോദിച്ചത് പള്‍സര്‍ ബൈക്കാണ്. വധുവിന്റെ വീട്ടുകാര്‍ പള്‍സര്‍ ബൈക്ക് തന്നെ വാങ്ങി നല്‍കി. എന്നാല്‍ പള്‍സര്‍ എത്തിയപ്പോള്‍ വിവാഹദിനത്തില്‍ വരന്‍ പുതിയ ആവശ്യവുമായി വന്നു. ഇപ്പോള്‍ വാങ്ങിയ ബൈക്കില്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
പെണ്ണുവീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ സ്വര്‍ണമാല വേണമെന്ന ആവശ്യം മൂന്നോട് വച്ചു. എന്നാല്‍ ഇത് കേട്ടതോടെ വധുവിന്റെ വീട്ടുകാരുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതിനിടയില്‍ വധുവിന്റെ പിതാവിനോട് ആരോ മോശമായി പെരുമാറുക കൂടി ചെയ്തതോടെ സംഗതി വഷളായി.

വരനും ബന്ധുക്കളുമെല്ലാം മദ്യപിച്ചാണ് എത്തിയതെന്ന് പറയുന്നു. ഇവര്‍ സ്ഥലം വിടാന്‍ നോക്കിയെങ്കിലും രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം, തല മൊട്ടയടിച്ചത് ആരാണെന്ന് അറിയില്ലെന്നു വധുവിന്റെ കുടുംബം അറിയിച്ചു.
https://www.facebook.com/Malayalivartha



























