വിമാനയാത്രക്കിടെ നഷ്ടപ്പെട്ട പഴ്‌സ് കൂടുതല്‍ പണത്തോടെ തിരികെ കിട്ടി!

ഹണ്ടര്‍ ഷാമത്ത് എന്നയാള്‍ക്ക് വിമാനയാത്രക്കിടെ നഷ്ടപ്പെട്ടു പോയ പേഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ പേഴ്‌സിലുണ്ടായിരുന്നത് നഷ്ടപ്പെട്ട സമയത്തുണ്ടായിരുന്നതിലും കൂടുതല്‍ പണം. സഹോദരിയുടെ വിവാഹത്തിനായാണ് ഹണ്ടര്‍ ഷാമത്ത് അമേരിക്കയിലെ ഒമാഹയില്‍ നിന്നും ലാസ് വെഗാസില്‍ വിമാനമിറങ്ങിയത്. ഇവിടെ എത്തിയപ്പോഴാണ് അദ്ദേഹം തന്റെ പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞത്.
പണമായി 60 ഡോളറും 400 ഡോളറിന്റെ ചെക്കും ബാങ്ക് കാര്‍ഡും ഐഡന്റിറ്റി കാര്‍ഡുമായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്. വിമാനയാത്രക്കിടെയാകാം തന്റെ പേഴ്‌സ് നഷ്ടപ്പെട്ടതെന്ന് വിശ്വസിച്ച അദ്ദേഹം ഉടന്‍ തന്നെ വിമാന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇനി ഒരിക്കലും പേഴ്‌സ് തിരികെ ലഭിക്കില്ലെന്ന് കരുതി ഇദ്ദേഹം സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരികെ മടങ്ങുവാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഐഡന്റിറ്റി കാര്‍ഡ് കൈവശമില്ലാതിരുന്നതിനാല്‍ മടക്കയാത്ര സാധ്യമാകുമോ എന്ന ആശങ്കയിലായിരുന്നു. എന്നാല്‍ വിമാനത്താവള അധികൃതരെ കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ തിരികെ പോകുവാനുള്ള അനുമതി ഹണ്ടറിനു നല്‍കി.
എന്നാല്‍ തിരികെ വീട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹണ്ടറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കൊറിയര്‍ എത്തി. അതിലെ കുറിപ്പ് ഇപ്രകാരമായിരുന്നു. 'ഹണ്ടര്‍, ഈ പേഴ്‌സ് ഒമാഹയില്‍ നിന്നും ഡെന്‍വെറിലേക്കുള്ള വിമാനയാത്രക്കിടയില്‍ എനിക്ക് ലഭിച്ചതാണ്. അത് നിങ്ങള്‍ക്ക് തിരികെ നല്‍കുന്നു. ഞാന്‍ കുറച്ചു കൂടുതല്‍ പണം പേഴ്‌സില്‍ വയ്ക്കുന്നു. പേഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഈ പണം ഉപയോഗിക്കാം. നന്ദി'.
ഇത് തനിക്കും തന്റെ കുടുംബത്തിലുള്ളവര്‍ക്കും നല്‍കിയ അമ്പരപ്പ് വളരെയേറ ആണെന്ന് ഹണ്ടര്‍ പറഞ്ഞു. പിന്നീട് ഈ കുറിപ്പിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹണ്ടര്‍. മാത്രമല്ല പേഴ്‌സ് തിരികെ നല്‍കിയയാളോട് മനസ് നിറഞ്ഞ നന്ദിയും ഹണ്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























