പോലീസ് സ്‌റ്റേഷന്റെ തുറന്നവാതിലിലൂടെ ഇഴഞ്ഞെത്തിയ പാമ്പിനെ പിടികൂടി!

പോലീസ് സ്‌റ്റേഷനുള്ളിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു ഒരാള്‍. അപ്പോഴാണ് തുറന്നു കിടക്കയായിരുന്ന വാതിലിലൂടെ ഒരതിഥി കയറി വന്നത്. അയാള്‍ ഇഴഞ്ഞെത്തിയ ഈ 'അതിഥി'യെ ശ്രദ്ധിച്ചതുമില്ല.
തന്റെ തൊട്ടടുത്ത് എത്തിയപ്പോഴാണ് അദ്ദേഹം കാല്‍ച്ചുവട്ടില്‍ എത്തിയ പാമ്പിനെ കാണുന്നത്. പെട്ടെന്ന് കാല്‍ വലിച്ച് കസേരയിലേയ്ക്ക് വയ്ക്കാന്‍ ശ്രമിച്ചു. പാമ്പ് അതോടെ ആഞ്ഞുകൊത്താനായി തലയുയര്‍ത്തി.ശ്വാസം നിലച്ചുപോകുന്ന നിമിഷം.' സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയിലെ ദൃശ്യങ്ങള്‍ വടക്കന്‍ തായ്‌ലാന്‍ഡിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ സി സി ടി വി യില്‍ പതിഞ്ഞതാണ്.
ആറടിയോളം നീളമുള്ള പാമ്പാണ് ഭിന്നശേഷിക്കാരനായ യുവാവിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. ഇയാള്‍ ഓഫിസിലേക്ക് നോക്കിയിരുന്നതിനാല്‍ പാമ്പ് വരുന്നത് കണ്ടിരുന്നില്ല. കാലിന് സമീപം എത്തിയപ്പോഴാണ് ഇദ്ദേഹം ശ്രദ്ധിക്കുന്നത്.
ഭയന്നുപോയെങ്കിലും തന്റെ ശേഷിക്കുറവുള്ള കാല് ഉപയോഗിച്ച് പാമ്പിനെ ചവിട്ടിപ്പിടിക്കുകയായിരുന്നു. പാമ്പ് ആദ്യം കുതറി കാലില്‍ ചുറ്റിപ്പിടിച്ചെങ്കിലും തലയില്‍ തന്നെ ചവിട്ടിപ്പിടിച്ചിരുന്നതിനാല്‍ പാമ്പിന് ഇയാളെ കടിക്കാന്‍ പറ്റിയില്ല. ഒടുവില്‍ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ കയ്യിലെടുത്ത് അകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി.
പൊലീസുകാരന്‍ എത്തിയപ്പോള്‍ കയ്യില്‍ പാമ്പുമായി നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ഭയന്നുപോയ പൊലീസുകാരന്‍, ഇങ്ങോട്ടു കൊണ്ടുവരാതെ പുറത്തേയ്ക്ക് പോകാന്‍ ഇയാളോട് ആവശ്യപ്പെട്ടു. എനിക്ക് ഇതിനെ ഇവിടുന്ന കിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസുകാരന്‍ വേഗം പാമ്പിനെ പുറത്തുകൊണ്ടുവിടാനാണ് ആവശ്യപ്പെട്ടത്.
ഒടുവില്‍ ചിരിയോടെ ഈ യുവാവ് പാമ്പിനെ പുറത്തേക്ക് കൊണ്ടുപോയി സ്വതന്ത്ര്യനാക്കി. പൊലീസ് സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരമായിരിക്കുകയാണ് ഈ യുവാവ്.
https://www.facebook.com/Malayalivartha


























