റോഡരികില്‍ മുളച്ചത് നാലായിരം തൈകള്‍, നടത്തത്തിനിടെ വിത്തുകള്‍ പാകുന്ന ആലുവക്കാരന് സാഫല്യം

കൊച്ചി മെട്രോ തൂണുകള്‍ക്കിടയിലും പരിസരങ്ങളിലുമായി ആരുമറിയാതെ വിത്തുകള്‍ പാകുന്ന മധ്യവയസ്‌കന്‍ ശ്രദ്ധേയനാകുന്നു. ആലുവ കളപ്പറമ്പത്ത് സാജു കെ. പോളാണ് നടക്കാനിറങ്ങുമ്പോള്‍ വിത്തുപാകല്‍ തന്റെ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്. ആരുമറിയാതെ രണ്ടുവര്‍ഷംകൊണ്ട് സാജു ഇത്തരത്തില്‍ പാകിയിരിക്കുന്നത് നാലായിരത്തോളം ഫലവൃക്ഷവിത്തുകളാണ്.
കലൂര്‍ വരെയുള്ള മെട്രോത്തൂണുകള്‍ക്കിടയിലായി ആത്ത ചക്ക, മധുരനാരങ്ങ, ഞാവല്‍ പഴം, സീത പഴം, ചെറി തുടങ്ങിയ വിത്തുകളാണ് പ്രധാനമായും പാകിയിരിക്കുന്നത്. ഇവ മുളച്ചു നില്‍ക്കുന്നത് കണ്ട് ആഹ്ലാദപ്പെട്ടാണ് ഇപ്പോള്‍ നടപ്പെന്ന് സാജു പറയുന്നു.
വൈകുന്നേരമുള്ള നടത്ത വ്യായാമത്തിനിടെയാണ് സാജുവിന് ഈ ആശയം ഉടലെടുത്തത്. വീടിന് മുന്നില്‍നിന്ന് ആലുവ മണപ്പുറം വരെ പലവട്ടം നടക്കുന്ന സാജു ഒരുദിവസം ആറുകിലോമീറ്റര്‍ വരെയാണ് താണ്ടുന്നത്. കൊച്ചിയിലേക്കും ഈ നടത്തം നീട്ടിയത് ഞായറാഴ്ചകളിലാണ്. ബസില്‍ കയറി പല സ്റ്റോപ്പുകളിലായി ഇറങ്ങി ദീര്‍ഘനേരം നടന്നാണ് മെട്രോ തൂണുകള്‍ക്കിടയില്‍ വിത്തുകള്‍ പാകുന്നത്.
വീട്ടില്‍ കഴിക്കുന്ന പഴവര്‍ഗങ്ങളുടെ വിത്ത് ശേഖരിച്ച് മുറ്റത്തും സമീപസ്ഥലങ്ങളിലും ഇതു പോലെ ഇടാവുന്നതേയുള്ളൂവെന്നാണ് സാജുവിന്റെ പക്ഷം. വീടിനോടു ചേര്‍ന്ന് ഇലക്ട്രിക്കല്‍ കട നടത്തുന്ന സാജു-റാണി ദമ്പതികളുടെ മകന്‍ അജിന്‍ പോള്‍ ദുബായിലാണ്. മകള്‍ അഞ്ജു ബിഎസ്സി വിദ്യാര്‍ഥിനിയാണ്.
https://www.facebook.com/Malayalivartha