മുനീറ കണ്ണ് തുറന്ന് ഉറങ്ങിയ 27 വര്‍ഷങ്ങള്‍!

27 വര്‍ഷങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോയതറിയാതെ കണ്ണും തുറന്ന് മുനീറ കിടന്നു. നാലുവയസുള്ള മകന്റെ കയ്യില്‍പിടിച്ച് സ്‌കൂളില്‍ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസിലെ അവസാനത്തെ ഓര്‍മ. പിന്നീടുള്ള മുനീറയുടെ ജീവിതത്തില്‍ നിന്നും മാഞ്ഞുപോയി. കണ്ണതുറന്ന് കിടക്കുകയാണെങ്കിലും കണ്‍മുന്നില്‍ മകന്‍ വളര്‍ന്നതും കാലം മാറിയതുമൊന്നും മുനീറ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീറ കോമ അവസ്ഥയില്‍ കിടന്നത് 27 വര്‍ഷം.
ഇനി ഒരിക്കലും മുനീറ ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടറുമാര്‍ ഒന്നടങ്കം വിധിയെഴുതി. പക്ഷെ മുനീറയെ ദയാവധത്തിന് വിട്ടുകൊടുക്കാന്‍ കുടുംബം തയാറായിരുന്നില്ല. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വര്‍ഷം നീണ്ട ഉറക്കത്തിന് ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണുതുറന്നിരിക്കുകയാണ്. യുഎഇ സ്വദേശിയാണ് മുനീറ.
മകനെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മുനീറയുടെ തലയ്ക്ക് പരുക്കേറ്റു. മുനീറയുടെ മകന്‍ ഒമര്‍ വെബറിനും വണ്ടിയോടിച്ചിരുന്ന ഇവരുടെ സഹോദരനും പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 1991-ലായിരുന്നു അപകടം നടന്നത്. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും സജീവമല്ലായിരുന്നു. അതിനാല്‍ ആംബുലന്‍സ് എത്താനും മുനീറയ്ക്ക് വൈദ്യസഹായം നല്‍കാനും താമസമുണ്ടായി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഇവര്‍ കോമയിലേക്കാണ്ട് പോയി.
വിദഗ്ധ ചികില്‍സയ്ക്ക് ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിരാശയായിരന്നു ഫലം. ഇവരെ തിരികെ യുഎഇയിലേക്ക് തന്നെ എത്തിച്ചു. വിവിധ ആശുപത്രികളിലായി 27 വര്‍ഷം കഴിഞ്ഞു. മകന് അപ്പോഴേക്കും വളര്‍ന്ന് യുവാവായി. സ്‌കൂളില്‍ പോകുന്ന സമയത്ത് എല്ലാദിവസവും അമ്മയുടെ അടുത്തിരുന്ന് വിശേഷങ്ങള്‍ പറയുന്ന രീതി മുതിര്‍ന്നിട്ടും വെബര്‍ ഉപേക്ഷിച്ചില്ല. കഴിഞ്ഞവര്‍ഷം ഇതുപോലെ അമ്മയോട് സംസാരിച്ചപ്പോള്‍ അവര്‍ പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിക്കുന്നതായി വെബര്‍ ശ്രദ്ധിച്ചു. ഇത് ഡോക്ടറുമാരോട് പറഞ്ഞപ്പോള്‍ വെബറിന്റെ തോന്നല്‍ മാത്രമാണെന്നും വീണ്ടുമൊരു തിരിച്ചുവരവ് മുനീറയ്ക്ക് സാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഡോക്ടറുമാരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മുനീറ മകനെ പേരെടുത്ത് വിളിച്ചു.
സ്വര്‍ഗത്തിലെത്തിയത് പോലെയുള്ള സന്തോഷമാണ് തനിക്ക് തോന്നിയതെന്നാണ് ഈ നിമിഷത്തെക്കുറിച്ച് ഒമര്‍ പറയുന്നത്. വര്‍ഷങ്ങളായി ആ മുഹൂര്‍ത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പതിയെപതിയെ മുനീറയിലേക്ക് നഷ്ടപ്പെട്ടുപോയ ഓര്‍മകളെല്ലാം തിരികെ വന്നു. ഈ നീണ്ട ഉറക്കത്തിനിടയ്ക്ക് കാലം മാറിയതും ജീവിതത്തില്‍ വന്ന മാറ്റങ്ങളുമെല്ലാം ഒമര്‍ ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ അമ്മയ്ക്ക് പറഞ്ഞുകൊടുത്തു. അപകടം നടക്കുമ്പോള്‍ മുനീറയുടെ പ്രായം 32 ആയിരുന്നു. മകന് ഇപ്പോള്‍ അതേ പ്രായമാണ്.
മകന്റെ കൈപിടിച്ച് മുനീറ പുനര്‍ജന്മത്തിലേക്ക് പിച്ചവെച്ചു. നടക്കാനുള്ള കഴിവ് മുനീറയ്ക്ക് തിരിച്ചുകിട്ടിയിട്ടില്ല. വീല്‍ചെയറിന്റെ സഹായം വേണം. എന്നാല്‍ ഇപ്പോള്‍ ശരീരത്തില്‍ വേദനയുള്ള ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളോട് തെറ്റില്ലാതെ ആശയവിനിമയം നടത്താനും പറ്റും. അമ്മയെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് പള്ളിയിലാണ് ആദ്യം ഒമര്‍ കൊണ്ടുപോയത്. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ഥന സഫലമാക്കിയതിന് അമ്മയും മകനും ദൈവത്തോട് നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha