കുറിച്യാട് വനഗ്രാമത്തില്‍ പോളിംഗ് ശതമാനം നൂറില്‍ നൂറ്

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് ഗ്രാമത്തിലെ ബൂത്തില്‍ 100 ശതമാനം പോളിംഗ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന, കാട്ടുനായ്ക്ക വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലൊരുക്കിയ 82-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ അവസാനത്തെ വോട്ടറെത്തി 5.45-ന് വിരലില്‍ മഷി പുരട്ടിയതോടെ പോളിംഗ്് 100 % ആയി.
ആകെയുള്ള 58 വോട്ടര്‍മാരില്‍ 52 പേര്‍ രാവിലെ 11 മണിയോടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ബാക്കിയുള്ള ആറുപേരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആറുപേരില്‍ അഞ്ചുപേര്‍ ഉച്ചയ്ക്ക് ഒന്നരയോടെ എത്തി വോട്ട് ചെയ്തു. ശേഷിക്കുന്ന രാജു എന്ന വോട്ടര്‍ക്കുവേണ്ടിയായി ഉദ്യോഗസ്ഥരുടെ കാത്തിരിപ്പ്.
ആദ്യം ഉദ്യോഗസ്ഥര്‍ രാജുവിനെ ബന്ധപ്പെട്ടപ്പോള്‍ വോട്ട് ചെയ്തിട്ട് എന്താ കാര്യം എന്നായിരുന്നു പ്രതികരണം. പിന്നീട്, വോട്ട് ചെയേ്േണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഫോണില്‍ കൂടി വിശദീകരിച്ചു. പുല്‍പ്പള്ളിയില്‍ ഭാര്യ വീട്ടിലായിരുന്നു രാജു. കുറിച്യാട് ബൂത്തിലെ ഉദ്യോഗസ്ഥര്‍ രാജുവിന്റെ ഭാര്യാവീടിനടുത്തുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പിന്നീട്, 5.45-ന് ഒരു സ്വകാര്യ വാഹനത്തില്‍ രാജു എത്തി വോട്ട് ചെയ്തതോടെ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ബഹുമതി കുറിച്യാട് ബൂത്തിന് സ്വന്തമായി.
എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കാന്‍ മുന്‍കൈ എടുത്ത ബൂത്തിലെ സെക്ടറല്‍ ഓഫീസര്‍ ആന്റണി ജോര്‍ജിനും സഹപ്രവര്‍ത്തകര്‍ക്കും സന്തോഷവും. തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആറ് വോട്ടുകളും ഈ ബൂത്തില്‍ രേഖപ്പെടുത്തി. അങ്ങനെ മൊത്തം 63 വോട്ടുകള്‍ പെട്ടിയിലായി.
പുല്‍പ്പള്ളി - ബത്തേരി സംസ്ഥാന പാതയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് കുറിച്യാട് ഗ്രാമം. ആനയും കടുവയും പുലിയും കരടിയും കാട്ടുപന്നിയും വിഹരിക്കുന്ന സ്ഥലം. പകല്‍ സമയം പോലും വന്യമൃഗങ്ങളെ കാണാം.
ഇനി ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കുറിച്യാട് വനഗ്രാമത്തില്‍ മനുഷ്യവാസം ഉണ്ടാവില്ല. വന്യജീവി ശല്യം രൂക്ഷമായതിനാല്‍ ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് വനംവകുപ്പ്.
https://www.facebook.com/Malayalivartha