വോട്ടര്‍ ഐ.ഡിയില്‍ പുരുഷവോട്ടര്‍ ഭാര്യ, സഹോദരിയാണ് ആ വോട്ടറുടെ ഭര്‍ത്താവ്! യുവാവിന്റെ ആത്മഗതം വൈറലായി

താടിയും മീശയുമുള്ള അജോയ്കുമാര്‍ എന്ന യുവാവിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതുതായി നല്‍കിയ ഇലക്ഷന്‍ ഐ.ഡി. കാര്‍ഡില്‍ അയാളെ സഹോദരിയായ അഞ്ജനാ ദേവിയുടെ ഭാര്യയാക്കി,സ്ത്രീയാക്കി മാറ്റിയ വിചിത്രമായ നടപടിയെ കളിയാക്കി അജോയ്കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പ് വൈറലായി.
സംസ്ഥാന സര്‍ക്കാരിന്റേതടക്കം ബാലസാഹിത്യത്തിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനും തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനുമായ എം. എസ്. അജോയ്കുമാര്‍ എന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് വേദനാജനകമായ അനുഭവത്തെ തമാശരൂപേണ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രസിദ്ധഭാഗങ്ങള്‍ ഇങ്ങനെ: ചെട്ടിക്കുളങ്ങര കുടുംബവീട്ടില്‍ നിന്നും ഭാര്യ ശ്യാമയോടും രണ്ട് കുട്ടികളോടുമൊപ്പം ഫ്ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഇവരുടെ പേരുകള്‍ നീക്കം ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. മകന്‍ കിച്ചുവിന് ഐ.ഡി. കാര്‍ഡിനായി അപേക്ഷ നല്‍കിയപ്പോള്‍ ശ്യാമ വെറുതെ വോട്ടര്‍പ്പട്ടിക പരിശോധിച്ചപ്പോള്‍ ഇരുവരുടെയും പേരില്ല. അങ്ങനെയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനും ഐ.ഡി. കാര്‍ഡിനുമായി അപേക്ഷ നല്‍കിയത്.
ശാസ്തമംഗലത്തെ മേല്‍വിലാസത്തിലാണ് അപേക്ഷിച്ചത്. അജോയ്കുമാര്‍ സഹോദരിയായ അഞ്ജനാദേവിയുടെ പേരാണ് റെഫറന്‍സിനായി നല്‍കിയത്. തെരെഞ്ഞടുപ്പിനു തലേദിവസം ബി.എല്‍.ഒ. വിളിച്ചുപറഞ്ഞു, ഐ.ഡി. കാര്‍ഡ് തയാറായിട്ടുണ്ട്, നാളെ രാവിലെ ബൂത്തിലെത്തി കൈപ്പറ്റാമെന്ന്. സന്തോഷത്തോടെ കുളിച്ച് കുറിയും തൊട്ട് ശാസ്തമംഗലത്തുള്ള രാജാകേശവദാസ് സ്‌കൂളിലെ 75-ാം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി ആളെ കണ്ടുപിടിച്ച് ഐ.ഡി. കാര്‍ഡ് കൈപ്പറ്റി.
വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ വെറുതെ ഒന്ന് കാര്‍ഡ് നോക്കി. വായോളം വന്ന നിലവിളി വിഴുങ്ങി. പുറകിലോട്ട് ഓടാന്‍ സ്ഥലമില്ല, മുന്നില്‍ ക്യൂ അവസാനിക്കുന്നു. പോളിംഗ് ഓഫീസര്‍ ക്ഷണിച്ചതനുസരിച്ച് മുന്നോട്ടുചെന്ന് കാര്‍ഡ് നീട്ടി. വാങ്ങി നോക്കിയ ഓഫീസര്‍ ചിരിയോടെ അടുത്തയാളിന് കൈമാറി.
എല്ലാപേരും അടക്കിച്ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, അഞ്ജനാദേവി എന്റെ ഭര്‍ത്താവ് തന്നെ. സ്ത്രീ സമത്വം വാഴുന്ന നാട്ടില്‍ സ്ത്രീയെ ഭര്‍ത്താവായി കാണുന്നത് തെറ്റാണോ ? ഊറിയ ചിരിയുമായിരുന്ന വനിതാ പോളിംഗ് ഓഫീസറെ നോക്കി. നിങ്ങള്‍ക്കെങ്കിലും ചിരിക്കാതെ ഇരിക്കാമായിരുന്നു!
വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ആത്മഗതമെന്നോണം പറഞ്ഞു, എന്നാലും മഹാപാപികളെ ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാദേവിയുടെ ഭാര്യയാക്കാന്‍ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ? നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും?
https://www.facebook.com/Malayalivartha