വിരലുകളില്ലെങ്കിലും കൈയക്ഷര മത്സരത്തില്‍ ജേതാവ് സാറ തന്നെ!

മികച്ച കൈയക്ഷരമുള്ള സ്‌കൂള്‍ കുട്ടികളെ കണ്ടെത്താന്‍ അമേരിക്കയില്‍ വര്‍ഷാവര്‍ഷം നടത്തുന്ന 'നിക്കോളാസ് മാക്‌സിം' അവാര്‍ഡ്, രണ്ടു കൈകളിലും വിരലുകളില്ലാത്ത സാറയുടെ കൈയക്ഷരത്തിന്.
സാറാ ഹിനസ്ലേ എന്ന കൊച്ചുമിടുക്കിയും മാതാപിതാക്കളും 2005-ല്‍ ചൈനയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് . ദേശീയതലത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍, കൂടെ പങ്കെടുത്തവരെ ബഹുദൂരം പിന്നിലാക്കി കുഞ്ഞുസാറ കുറിച്ചിട്ടത് വിസ്മയകരമായ ഒരേട്. ഇരുകൈകളിലും ജന്മനാ വിരലുകള്‍ ഇല്ലെങ്കിലും വിധിയെ പഴിക്കാതെ തന്റെ കഴിവുകളെ വളര്‍ത്തിയെടുക്കാനാണ് സാറയുടെ മുഴുവന്‍ ശ്രദ്ധയും.
അസാധ്യം എന്ന വാക്ക് സാറയുടെ ജീവിതത്തിലില്ല. എന്തു കാര്യവും ചെയ്തു തീര്‍ക്കാം എന്ന ആത്മവിശ്വാസമാണ് സാറയുടെ ഉള്‍ക്കരുത്ത്. അധ്യാപികയായ ചെറി പുറില്ല പറഞ്ഞുനിര്‍ത്തിയപ്പോള്‍ സമീപത്തുനിന്ന സഹപാഠികള്‍ക്കും സമ്മതം.വിരലുകളില്ലാത്ത ഇരുകൈകളും പേനയില്‍ ചേര്‍ത്തുപിടിച്ച് സാറ വരയ്ക്കാനും എഴുതാനും ആരംഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം പേപ്പറില്‍ നിറയുന്നത് അച്ചടിയെ വെല്ലുന്ന വടിവൊത്ത അക്ഷരങ്ങള്‍.
ശാരീരിക ന്യൂനതയുള്ള കുട്ടികള്‍ക്കു സാധാരണ അനുവദനീയമായ ആനുകൂല്യങ്ങളെ ചെറുപുഞ്ചിരിയോടെ നിരസിച്ച് സാധാരണ കുട്ടികളോടൊപ്പമായിരുന്നു സാറയുടെ മത്സരം. അമേരിക്കയിലെത്തി കേവലം നാലു വര്‍ഷങ്ങള്‍കൊണ്ട് ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ച സാറാ കൈയക്ഷരം കൊണ്ട് വിസ്മയം തീര്‍ത്ത് ചുറ്റുമുള്ളവര്‍ക്ക് അദ്ഭുതമാവുകയാണ്.
കൈയക്ഷര മത്സരം കേവലമൊരു ഉദാഹരണം മാത്രം. സാറ കൈവയ്ക്കാത്ത മേഖലകളില്ല. നീന്തലിലും ചെസിലും മിഴിവാര്‍ന്ന നേട്ടങ്ങളുമായി സാറയെന്ന താരം തിളങ്ങിനില്‍ക്കുകയാണ്. അതിജീവനത്തിന്റെ ആള്‍രൂപമായി മാറുകയാണ് സാറയെന്ന കുരുന്ന്. ശാരീരിക ന്യൂനതകളെ സമാനതകളില്ലാത്ത ആത്മവിശ്വാസംകൊണ്ട് മറികടക്കാനാവുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് അമേരിക്കയിലെ സെന്റ് ജോണ്‍സ് കാത്തലിക് സ്‌കൂളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥിനിയായ സാറ.
അഞ്ഞൂറ് ഡോളറിന്റെ സമ്മാനത്തുകയും ഏറ്റുവാങ്ങി സ്‌കൂളിലെത്തിയ സാറയ്ക്ക് സഹപാഠികളും അധ്യാപകരും ചേര്‍ന്നൊരുക്കിയത് ഉജ്വലസ്വീകരണം. പ്രസിദ്ധമായ നിക്കോളാസ് മാക്‌സിം അവാര്‍ഡ് ആദ്യമായി സ്‌കൂളിലെത്തിച്ച സാറയെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടി.
പ്രധാനാധ്യാപികയായ കാത്തി സ്മിത്ത് അനുമോദന സമ്മേളനത്തില്‍ പറഞ്ഞു. ''ഇന്നെന്റെ മനസ് അഭിമാനത്താല്‍ നിറഞ്ഞു.'' ഇതുകേട്ട് സെന്റ് ജോണ്‍സ് സ്‌കൂളിലെ ആയിരക്കണക്കിനു കുട്ടികള്‍ കൈയടിച്ചു... സാറ തന്റെ വിരലുകളില്ലാത്ത എന്നാല്‍ സുന്ദരമായ കൈകളുയര്‍ത്തി വീശി അവര്‍ക്കു നന്ദി പറഞ്ഞു.ആത്മവിശ്വാസംകൊണ്ട് അവശതകളെ അതിജീവിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു സാറാ.
https://www.facebook.com/Malayalivartha