കളിപ്പാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്ന കല്ലറ, 130 വര്‍ഷം പഴക്കമുള്ളതാണ് ഈ കല്ലറ!

ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഹോപ് വാലി എന്നൊരു സെമിത്തേരിയുണ്ട്. ഇവിടെ ഹെര്‍ബട്ട് ഹെന്റി ഡിക്കര്‍ എന്ന ഒരു രണ്ടുവയസുകാരന്റെ ശവക്കല്ലറയുണ്ട്. 1885 ജൂണ്‍ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്.
എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി സ്ഥിരമായി മാസത്തില്‍ ഒരു തവണ ഈ കുഞ്ഞിന്റെ കല്ലറയില്‍ കളിപ്പാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും. എട്ടു വര്‍ഷമായി ഇതുതുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങള്‍ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താന്‍ ഈ പ്രദേശവാസികള്‍ക്കായില്ല.
ഈ കളിപ്പാട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യം കണ്ടെത്താന്‍ പോലീസും ചരിത്രകാരന്‍മാരുമൊക്കെ ശ്രമിച്ചു എന്നാല്‍ അവര്‍ക്ക് യാതൊരു തുമ്പും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹെര്‍ബട്ട് മരിച്ച ദിവസത്തെ പത്രത്തില്‍ കുഞ്ഞിന്റെ ചരമക്കുറിപ്പ് വന്നത് കണ്ടെത്തിയിരുന്നു.
ജെയ്‌സ് ഡിക്കറുടെയും മേരി ആന്‍ ബോവ്‌ഹെയുടെയും മകനായ ഹെര്‍ബട്ട് അസുഖത്തെത്തുടര്‍ന്നാണ് മരിച്ചതെന്ന് ചരമക്കുറിപ്പില്‍ പറയുന്നു. അവരുടെ 11 മക്കളില്‍ ഒരാളായിരുന്നു ഈ കുഞ്ഞെന്നും ഇത്ര മനോഹരമായ ഒരു കല്ലറ പണിവാന്‍ തക്കവണ്ണം സാമ്പത്തിക സ്ഥിതി ഉള്ളവരായിരുന്നു ആ കുടുംബമെന്നും അന്വേഷകര്‍ പറയുന്നു. അവരുടെ മറ്റുമക്കള്‍ എല്ലാവരും പ്രായപൂര്‍ത്തിയെത്തി ജീവിതം നയിച്ചിരുന്നുവെന്നും അറിയുന്നു.
കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം ഈ ദമ്പതികള്‍ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. പിന്നീട് ഒരിക്കലും ഇവരാരും അഡ്ലെയ്ഡിലേക്ക് തിരികെ വന്നിട്ടില്ല. അവരുടെ അടുത്ത ബന്ധുക്കളാരും ആ പരിസരത്തെങ്ങും ഇല്ലാത്ത സ്ഥിതിയ്ക്ക് പിന്നെ ആരാണ് ഈ കുഞ്ഞു കല്ലറയില്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടുവന്നുവയ്ക്കുന്നതെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇവിടത്തെ പോലീസ്.
ആ കല്ലറയും പരിസരവും കാണത്തക്കവിധത്തില്‍ ഒരു ക്യാമറ ക്രമീകരിച്ചാല്‍, മാസത്തിലൊരിക്കല്‍ കളിപ്പാട്ടങ്ങളുമായി അവിടെ എത്തുന്നതാരെന്ന് കണ്ടുപിടിക്കാനാവില്ലേ എന്നു ചിന്തിക്കുന്നവരുമുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി തുടരുന്ന ഈ പ്രതിഭാസത്തിന്റെ നിഗൂഢത പെട്ടെന്ന് ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha