കളഞ്ഞുകിട്ടിയ 7 പവന് ഒരു തരി പോലും കുറയാതെ തിരികെ നല്കി ബിന്ദു!
പാരിപ്പള്ളി എഴിപ്പുറം നിരോന്തി ചരുവിള വീട്ടില്‍ ബിന്ദു റേഷന്‍ കടയില്‍ നിന്നുള്ള സൗജന്യ കിറ്റ് വാങ്ങാനാണ് അയല്‍വാസിയായ ലക്ഷ്മിയ്ക്കൊപ്പം പാരിപ്പള്ളി മുക്കടയില്‍ എത്തിയത്. അവിചാരിതമായി മുന്നില്‍ കിടന്ന കവര്‍ എടുത്തു നോക്കിയപ്പോള്‍ മാലയും വളകളും ഉള്‍പ്പെടെ ഏതാനും സ്വര്‍ണാഭരണങ്ങള്‍. ഉടനെ മുന്‍ പഞ്ചായത്ത് അംഗം എസ്.വിജയനെ വിവരം അറിയിച്ചു. വിജയന് സ്ഥലത്ത് എത്തി ഇരുവരെയും കൂട്ടി പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തി എസ്ഐ നൗഫലിനു സ്വര്‍ണാഭരണം കൈമാറി.
പാരിപ്പള്ളി ശ്രീരാമപുരം ദേവികൃപിയില് ജയകുമാറിന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ജയകുമാര്‍ സ്വര്‍ണം പണയം വയ്ക്കാനായി പിതാവിന് ഒപ്പമാണ് പാരിപ്പള്ളിയില്‍ എത്തിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന പിതാവിന്റെ പക്കലായിരുന്നു സ്വര്‍ണം. പണയം എടുക്കുമോ എന്ന അറിയാനായി ജയകുമാര്‍ മുക്കടയിലെ ബാങ്കില്‍ കയറി. ഈ സമയം പിതാവ് കാറിനു പുറത്ത് ഇറങ്ങിയപ്പോള്‍ സ്വര്‍ണാഭരണം നഷ്ടപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നു
പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച പൊളിഞ്ഞുവീഴാറായ ചുമരുകളും ടാര്‍പോളിന്‍ വിരിച്ചിട്ടുണ്ടെങ്കിലും ചോര്‍ച്ചയ്ക്ക് ഒട്ടും കുറവില്ലാത്ത മേല്‍ക്കൂരയുമുള്ള വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ കൈയ്യില്‍ സ്വര്‍ണാഭരണങ്ങള്‍ കിട്ടിയെങ്കിലും കണ്ണ് മഞ്ഞളിച്ചില്ല. ഒരു തരി സ്വര്‍ണം പോലും അണിയാന്‍ ഇല്ലെങ്കിലും വഴിയില്‍ നിന്നും കിട്ടിയ 7 പവന് സ്വര്‍ണാഭരണം പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ ബിന്ദു സ്വര്‍ണാഭരണം ജയകുമാറിനു കൈമാറി. സന്തോഷ സൂചകമായി ജയകുമാര്‍ ബിന്ദുവിനു പാരിതോഷികം നല്കി.
https://www.facebook.com/Malayalivartha