താൻ ദേശീയ ടീം പരിശീലകനായിരുന്നപ്പോൾ ഒരു സെലക്സൻ യോഗത്തിനും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് രവി ശാസ്ത്രി... അർഹതയില്ലാത്തവർ സെലക്ഷൻ കമ്മറ്റി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നും ഏഴ് വർഷം ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും രവി ശാസ്ത്രി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പ്രതികരിച്ചു...

താൻ ദേശീയ ടീം പരിശീലകനായിരുന്നപ്പോൾ ഒരു സെലക്സൻ യോഗത്തിനും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് രവി ശാസ്ത്രി. അർഹതയില്ലാത്തവർ സെലക്ഷൻ കമ്മറ്റി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നും ഏഴ് വർഷം ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും രവി ശാസ്ത്രി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പ്രതികരിച്ചു
“എനിക്കതിൽ യാതൊരു പരിചയവുമില്ല. ഞാൻ ഏഴ് കൊല്ലം ടീമിനൊപ്പമുണ്ടായിരുന്നു. ഒരിക്കൽ പോലും ഒരു സെലക്ഷൻ കമ്മറ്റി യോഗത്തിൻ്റെ അരികിൽ പോലും ഞാൻ പോയിട്ടില്ല. എന്നെ ക്ഷണിച്ചിട്ടുമില്ല. ദീർഘകാലത്തേക്കാകുമ്പോൾ പരിശീലകനെ ഇത്തരം യോഗങ്ങൾക്ക് ക്ഷണിക്കണം.”- ശാസ്ത്രി പറഞ്ഞു.
സെലക്ടർമാർ എന്ത് ചിന്തിക്കുന്നു എന്ന് പരിശീലകർ അറിയണമെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു. അഭിപ്രായം പറയാൻ കഴിയില്ലെങ്കിലും ടീം തെരഞ്ഞെടുക്കുന്നതിൽ അവരുടെ അടിസ്ഥാനമെന്തെന്നറിയണം. ടീമിന് അത് നല്ലതാണോ എന്ന് തീരുമാനിക്കണം. യോഗങ്ങൾ എങ്ങനെയാണെന്നതിനെപ്പറ്റി എനിക്ക് ഒരു ഊഹവുമില്ല. എനിക്ക് ലഭിച്ച അറിവുവച്ച് ഒരുപാട് പേർ ഈ യോഗങ്ങളിൽ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മൂന്നാല് വർഷങ്ങളായി അർഹതയില്ലാത്തവർ യോഗങ്ങളിൽ പങ്കെടുക്കാറുണ്ട് എന്നും ശാസ്ത്രി തുറന്നടിച്ചു.
അതേസമയം, സെലക്ഷൻ യോഗങ്ങളിൽ പങ്കെടുക്കുന്ന, ടീം സെലക്ഷനിൽ സ്വാധീനമുള്ള ഒരു പരിശീലകനോട് താരങ്ങൾ തുറന്നുസംസാരിക്കുമോ എന്ന് സംശയമാണെന്നും ശാസ്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ സെലക്ഷൻ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്. എന്നാൽ, ദീർഘകാല പരിശീലകന്, പ്രത്യേകിച്ചും ടീം റീബിൽഡിംഗ് സ്റ്റേജിലാണെങ്കിൽ, ഇത്തരം യോഗങ്ങളിൽ നിർണായകമായ അഭിപ്രായങ്ങൾ പറയാനാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം ഡയറക്ടറായും പിന്നീട് മുഖ്യ പരിശീലകനുമായാണ് ശാസ്ത്രി ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചത്. 2014ൽ ടീം ഡയറക്ടറായി സ്ഥാനമേറ്റ ശാസ്ത്രി 2015-16 കാലയളവിൽ ആദ്യമായി ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായി. 2016ൽ അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. 2017ൽ വീണ്ടും രവി ശാസ്ത്രി തന്നെ ഇന്ത്യൻ ടീം പരിശീലകനായി. 2021 ടി-20 ലോകകപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
https://www.facebook.com/Malayalivartha