കൊലുസ്സുകളിലെ വര്‍ണ്ണത്തിളക്കം

ആഭരണങ്ങള്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വിലയെത്ര മുടക്കാനും പെണ്‍മനസ്സുകള്‍ തയ്യാറാകും. മുളയും ചിരട്ടയും കളിമണ്ണും പേപ്പറും വിത്തുകളുമെല്ലാം ഉപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങളാണ് പലര്‍ക്കും പ്രിയം. വ്യത്യസ്തത ആഗ്രഹിക്കുന്ന പെണ്‍കൊടികളെ ലക്ഷ്യമിട്ടെത്തിയ ഈ ആഭരണങ്ങള്‍ അതിവേഗമാണ് വിപണി കീഴടക്കിയത്.
കമ്മലുകളിലും മാലകളിലും വളകളിലും പുതുമകള്‍ വന്നപ്പോള്‍ പാദസരവും മാറ്റത്തിന്റെ ചുവടു പിടിച്ചു. വെളളിക്കൊലുസുകളെ പിന്തളളി വര്‍ണ മുത്തുകള്‍ പിടിപ്പിച്ച വൈറ്റ് മെറ്റല്‍, ബ്ലാക്ക്‌മെറ്റല്‍, മെഹന്തി കളറിലുളള കൊലുസുകളാണ് ആദ്യം രംഗത്തെത്തിയത്. ഒറ്റക്കാലില്‍ കൊലുസണിയുന്നതും തംരംഗമായി
വര്‍ണ്ണ നൂലുകള്‍ ഉപയോഗിച്ച് കൈ കൊണ്ട് നിര്‍മ്മിക്കുന്ന പാദസരങ്ങളാണ് വിപണിയിലെ പുതിയ ട്രെന്റ്. വളകളിലും കൈയിലിടുന്ന ബ്രേസ്‌ലെറ്റുകളിലും നൂലുകള്‍ തംരംഗമായിട്ട് ഏറെക്കാലമായെങ്കിലും കാലുകളില്‍ നിറങ്ങള്‍ വിരിയിച്ച് നൂല്‍ പാദസരങ്ങള്‍ വിപണിയിലെത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുളളൂ.
കറുത്ത നൂലില്‍ ബഹുവര്‍ണ മുത്തുകള്‍ പിടിപ്പിച്ച് കൊലുസുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. പഴയ വെളളിക്കൊലുസിന്റെ കിലുക്കം ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നൂല്‍പാദസരങ്ങളില്‍ വെളളിമുത്തുകള്‍ പിടിപ്പിച്ചവയും ലഭ്യമാണ്. ഒരേ നിറത്തില്‍ നിര്‍മിച്ചവയും രണ്ടു നിറങ്ങളില്‍ നിര്‍മ്മിച്ചവയും ഉണ്ട്.
താല്‍പര്യമനുസരിച്ച് കണങ്കാലില്‍ മുറുകിക്കിടക്കുന്നതോ അയഞ്ഞ് കിടക്കുന്നതോ അണിയാം. നീളമുളള ഫ്ലോറല്‍ സ്‌കര്‍ട്ടുകള്‍ക്കൊപ്പം ഇവ ധരിച്ചാല്‍ ഒരു കൂള്‍ ലുക്ക് നേടിയെടുക്കാനാകും. വിവിധ വര്‍ണങ്ങളില്‍ ലഭിക്കുന്നതിനാല്‍ ഒരോ ദിവസവും ഓരോ നിറത്തിലുളള കൊലുസണിഞ്ഞ് വിലസുകയും ചെയ്യാം.
https://www.facebook.com/Malayalivartha