ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ!!! നിറകണ്ണുകളോടെ ആ പാട്ടുകേട്ട നെഹ്റു ലതയെ അരികിൽ വിളിച്ച് പറഞ്ഞു; യുദ്ധത്തിന്റെ ബാക്കിപത്രമെന്ന പോലെ ലത ഈ ഗാനം പാടിത്തുടങ്ങി; അന്നോളം ആരും കേള്‍ക്കാത്തൊരു ഗാനത്തിനു തുടക്കമാകുകയായിരുന്നു അവിടെ...

ഏയ് മേരേ വതന്‍ കേ ലോഗോം... എന്ന് ലതാ മങ്കേഷ്കർ പാടിത്തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് ഇന്ത്യക്കാർ അതേറ്റ് പാടി. ഈയൊരറ്റ ദേശഭക്തിഗാനം തന്നെയായിരുന്നു മറ്റെല്ലാ ഗായകരിൽ നിന്നും ലതയെ വേറിട്ടു നിർത്തിയതും. 1963 ജനുവരി 27 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വൻ ജനസാഗരത്തെ സാക്ഷിയാക്കി ഡൽഹിയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ലത ഈ പാട്ട് പാടുന്നത്. വിഖ്യാത സംഗീതജ്ഞന്‍ നൗഷാദായിരുന്നു ആ സംഗീത മേളയ്ക്കു തുടക്കം കുറിച്ചത്. ആലാപനം മുഹമ്മദ് റാഫി. പിന്നാലെ ശങ്കര്‍ ജയ്കിഷനും മദന്‍ മോഹനും. നാലാം സ്ഥാനത്താണ് രാമചന്ദ്രയെ സംഘാടകര്‍ പരിഗണിച്ചിരുന്നത്. മറ്റുള്ളവരെല്ലാം അതിനകം തന്നെ ഹിന്ദി സിനിമാലോകത്ത് പ്രശസ്തമായ ദേശഭക്തി ഗാനങ്ങള്‍ ചെയ്തിരുന്നവര്‍. സംഗീത സംവിധായകൻ രാമചന്ദ്രയ്ക്കാകട്ടെ, അതിനു മുമ്പ് കൈയ്യിലൊരു ദേശഭക്തി ഗാനം പോലും ഉണ്ടായിരുന്നില്ല. രാജ് കപൂറും ദിലീപ് കുമാറും ദേവാനന്ദും അടങ്ങുന്ന മുംബൈ സിനിമാലോകത്തിലെ പലരും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
എല്ലാ സംഗീതസംവിധായകരും രണ്ട് പാട്ട് വീതമാണ് വേദിയില്‍ അവതരിപ്പിക്കേണ്ടത്. അങ്ങനെ രാമചന്ദ്രയുടെ ഊഴമെത്തി. ലത മങ്കേഷ്‌കര്‍ വേദിയില്‍. തൊട്ടരികില്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റു. അല്ലാഹ് തേരോ നാം എന്ന പ്രസിദ്ധ ഭജനാണ് ലത ആദ്യം പാടിയത്. ചെറിയ ഇടവേളയ്ക്കു ശേഷം രാമചന്ദ്രയുടെ രണ്ടാം ഗാനം. ഇതോടെ അതുവരെ ആരും കേള്‍ക്കാത്തൊരു ഗാനത്തിനു തുടക്കമാകുകയായിരുന്നു. രണ്ട് മാസം മുമ്പ് അവസാനിച്ച യുദ്ധത്തിന്റെ ബാക്കിപത്രം പോലെ ലത പാടിത്തുടങ്ങി. വളരെ പെട്ടാന്നായിരുന്നു ആ അന്തരീക്ഷം മാറിമറഞ്ഞത്. സദസ് ആ ഗാനധാരയിൽ അലിഞ്ഞുചേർന്നു. രാമചന്ദ്രയുടെ മനസിലെ ദേശഭക്തി അടിത്തറയിട്ടത് അതിര്‍ത്തിയില്‍ പിടഞ്ഞു മരിച്ചവരുടെ വേദനയിലായിരുന്നു. ചരണത്തിലെ ആദ്യ വരികള്‍ ആവര്‍ത്തിച്ചു പാടിയ ലത ജബ് അന്ത് സമയ് ആയാ ഥാ(അന്ത്യനിമിഷം വന്നടുക്കുമ്പോള്‍) എന്ന വരി മൂന്നു തവണയാണ് പാടുന്നത്.
ഓരോ തവണയും ആ വരികൾ ആളുകളെ കരയിപ്പിച്ചു. മൂന്നാം തവണ ആ വരി പാടുമ്പോള്‍ വേദനയില്‍ നിന്ന് അതിജീവനത്തിന്റെ വഴിയിലൂടെ ലതയുടെ ശബ്ദം ഉച്ചസ്ഥായിലായി. അണ പൊട്ടിയ വൈകാരികതയില്‍ നിന്ന്, തോറ്റുപോയ ഒരു ജനതയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ജയ്ഹിന്ദ് പാടി ഗാനം അവസാനിക്കുമ്പോള്‍ അതുവരെ അണകെട്ടി നിര്‍ത്തിയ ആരവം മറ്റെല്ലാത്തിനും മുകളില്‍ മുഴങ്ങുകയായിരുന്നു. പാടിക്കഴിഞ്ഞയുടന്‍ നെഹ്‌റു ലതയെ തന്റെ അരികിലേക്കു വിളിപ്പിച്ചു.
പാടിയതിലെന്തെങ്കിലും തെറ്റു പറ്റിയോ എന്ന് സംശയിച്ച് ഭയത്തോടെ അരികിലെത്തിയ ലതയോടു നിറഞ്ഞ കണ്ണുകളുമായി നെഹ്‌റു പറഞ്ഞു: ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ. അന്ന് ലതയ്ക്കറിയില്ലായിരുന്നു ഈ ഗാനം തന്നെ മഹത്വത്തിന്റെ ഉന്നതിയില്‍ എത്തിക്കുമെന്ന്. ആകാശവാണിയിലൂടെ അക്കാലത്ത് നിരന്തരം ഏയ് വതന്‍ കേ ലോഗോം... ആളുകൾ ഏറ്റുവാങ്ങി. ആ ഗാനത്തിലെ ഓരോ വാക്കും സാധാരണക്കാര്‍ക്കു പോലും മനപാഠമായി. പിന്നീട് ലത നടത്തിയ ഓരോ സംഗീതമേളയിലും ആയിരങ്ങള്‍ ഈ പാട്ട് പാടാന്‍ അവരോട് ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പലപ്പോഴും ഒന്നിലധികം തവണ ലത പല വേദികളിലും ഈ പാട്ട് പാടിയെന്നത് മറ്റൊരു വിസ്മയം.
https://www.facebook.com/Malayalivartha