സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ സംസ്ഥാനത്ത് മുട്ടവില കുത്തനെ ഉയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് ഏകദേശം രണ്ട് രൂപയോളമാണ് വർദ്ധിച്ചത്. ഇതോടെ ചില്ലറ വിപണിയിൽ ഒരു കോഴിമുട്ടയുടെ വില എട്ടര രൂപ വരെയായി ഉയർന്നു. താറാവുമുട്ട ഒരെണ്ണത്തിന് 15 രൂപയാണ് നിലവിലെ വില. ക്രിസ്മസ്, പുതുവത്സര വിപണികൾ ലക്ഷ്യമിട്ട് കേക്ക് നിർമ്മാണം സജീവമായതാണ് വിപണിയിൽ മുട്ടയുടെ ആവശ്യകത വർദ്ധിക്കാൻ പ്രധാന കാരണം. കേക്ക് നിർമ്മാണത്തിനായി വൻതോതിൽ മുട്ട വാങ്ങി സംഭരിക്കുന്നതിനാൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുട്ടവിലയ്ക്കൊപ്പം കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർദ്ധനവ് കർഷകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,760 രൂപ വരെയാണ് നൽകേണ്ടത്. എഥനോൾ ഉത്പാദനത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമ്മാണത്തിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് തീറ്റവില കൂടാനും കോഴിവളർത്തൽ ചെലവ് വർദ്ധിക്കാനും കാരണമായത്.
https://www.facebook.com/Malayalivartha


























