പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

ഹരിയാനയിലെ ഫരീദാബാദിൽ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസി പ്രവാസി യുവാവിനെ വെടിവച്ചുകൊന്നു. സിംഗപ്പൂരിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനി ജീവനക്കാരനായ പരംജിത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബർ ആറിന് രാത്രി സെക്ടർ 21 സിയിലെ അപ്പാർട്ട്മെന്റിൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കൊലപാതകം നടക്കുന്നതിന്റെ തലേദിവസമാണ് പരംജിത് നാട്ടിലെത്തിയത്. ഒരേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന മോനു ശർമ എന്നയാളാണ് കൃത്യം നടത്തിയത്. പാർക്കിങ് പ്രശ്നം സംസാരിക്കാനെന്ന വ്യാജേന പരംജിതിനെ പുറത്തേക്ക് വിളിച്ചിറക്കിയ മോനു, തന്നെ മർദിക്കാൻ ആളെ ഏർപ്പാടാക്കിയെന്ന് ആരോപിച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. തനിക്ക് ഇതിൽ പങ്കില്ലെന്ന് പരംജിത് കൈകൂപ്പി പറഞ്ഞെങ്കിലും, മോനു പോക്കറ്റിൽ നിന്ന് തോക്കെടുത്ത് തുടരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയ പരംജിതിനെ പ്രതി പിന്തുടരുകയും വീണ്ടും തോക്കിൽ തിരകൾ നിറച്ച് നാല് തവണ കൂടി വെടിവയ്ക്കുകയുമായിരുന്നു. ആകെ 15 റൗണ്ടിലധികം വെടിയുതിർത്ത പ്രതി, 'ദീപാവലി ആശംസകൾ, എല്ലാവരെയും കൊന്നൊടുക്കും' എന്ന് ആക്രോശിച്ചുകൊണ്ടാണ് സ്ഥലം വിട്ടത്. സംഭവസമയത്ത് പരംജിതിന്റെ മകനും ഒപ്പമുണ്ടായിരുന്നെങ്കിലും ഭയന്നോടിയതിനാൽ രക്ഷപ്പെട്ടു.
പാർക്കിങ്ങിനെയും മറ്റു നിസ്സാര കാര്യങ്ങളെയും ചൊല്ലി ഇരുവരും തമ്മിൽ മുൻപും തർക്കങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതി മോനു ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























