ആ ഗായകന്‍ കല്യാണത്തിന് സമ്മതം മൂളിയിരുന്നെങ്കില്‍!

വയസ്സ് അന്‍പത് ആയെങ്കിലും ഇന്നും മാധുരി ദീക്ഷിത്തിന്റെ വശ്യ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ല. അന്നും ഇന്നും യുവാക്കളുടെ ഹരമാണ് ബോളിവുഡിലെ ഈ താരറാണി. എന്നാല്‍ ആര്‍ക്കും അധികം അറിയാത്ത ഒരു രഹസ്യമുണ്ട്. താരറാണിയായി വിരാജിച്ചിരുന്ന മാധുരി ഒരു പ്രശസ്ത ഗായകനാല്‍ പണ്ട് തിരസ്‌കരിക്കപ്പെട്ടതായിരുന്നുവത്രേ.
അതൊന്നുകൊണ്ടു മാത്രമാണ് മാധുരി പിന്നീടു ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ചതെന്ന് മറ്റൊരു സത്യവും. ആദ്യചിത്രം ബോക്‌സോഫീസില്‍ അത്ര ഹിറ്റായിരുന്നില്ലെങ്കിലും മാധുരിയുടെ സിനിമാ ജീവിതത്തില്‍ പിന്നെ വച്ചടി കയറ്റമായിരുന്നു. കുടുംബത്തിലാര്‍ക്കും സിനിമാ മേഖലയില്‍ ബന്ധമില്ലാതിരുന്നിട്ടും ഹിന്ദി സിനിമാ ലോകത്തെ താരസ്ഥാനം മാധുരി സ്വയം കെട്ടിപ്പടുത്തതാണ്. പലരുടെയും ഉള്ളിന്റെയുള്ളിലെ പ്രേമഭാജനമായിരുന്ന മാധുരി പക്ഷേ ഒരു പ്രശസ്ത ഗായകനാല്‍ തിരസ്‌കരിക്കപ്പെട്ടിരുന്നതാണെന്ന കാര്യം പലര്‍ക്കും അത്ര പരിചിതമല്ലാത്തതാണ്. ഗായകന്‍ സുരേഷ് വാട്കര്‍ ആണ് ഈ സുന്ദരിയെ വേണ്ടെന്നു പറഞ്ഞത്.
മുംബൈയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന്‍ മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ അവര്‍ക്കു താല്‍പര്യം അവള്‍ വിവാഹിതയായി കുടുംബ ജീവിതവുമായി കഴിയുന്നതിനോടായിരുന്നു.
ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മാധുരിയുടെ അച്ഛന്‍ ഗായകന്‍ സുരേഷ് വാട്കറെ മകള്‍ക്കായി ആലോചിക്കുന്നത്. സംഗീതലോകത്ത് തുടക്കക്കാരനായിരുന്നു അന്നു സുരേഷ്. കഥയിലെ ട്വിസ്റ്റ് എന്തെന്നാല്‍ മാധുരിയേക്കാള്‍ പന്ത്രണ്ടു വയസ്സു മൂത്ത സുരേഷിന് ആ കല്ല്യാണാലോചനയോടു താല്‍പര്യമുണ്ടായിരുന്നില്ല. അതിനായി അദ്ദേഹം കണ്ടെത്തിയ കാര്യമോ മാധുരി തീരെ മെലിഞ്ഞിട്ടാണ് എന്നതായിരുന്നു.
അതു മാധുരിയുടെ അച്ഛനെ നിരാശപ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ട് മാധുരിയുടെ കാലമായിരുന്നു ബോളിവുഡില്‍. തുടരെത്തുടരെയുള്ള വിജയങ്ങളോടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുക തന്നെ ചെയ്തു മാധുരി. അന്ന് ആ ഗായകനെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത് ഒരഭിനയ പ്രതിഭയെ കൂടിയായിരുന്നു.
https://www.facebook.com/Malayalivartha


























