നായകന്മാരില്ലാത്ത കുറെ സിനിമകൾ നയൻതാര ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുണ്ട്; എന്നിട്ടും ഇപ്പോഴും അവരുടെ പ്രതിഫലം മൂന്നു കോടി രൂപ; രാകുൽ പ്രീത് സിംഗ്

സിനിമാമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടന്മാരാണെന്നുള്ള കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. നടനായിരുന്നാലും നടിയായിരുന്നാലും അഭിനയിക്കുകയാണ് ചെയ്യുന്നത്. ഒരേ തൊഴിൽ ചെയ്തിട്ടും പ്രതിഫലം നൽകുന്നതിലുള്ള വേർതിരിവ് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം തുറന്നു പറഞ്ഞിട്ടും നിർമാതാക്കൾ ഇപ്പോഴും നടന്മാർക്കാണ് പ്രതിഫലം കൂടുതൽ നൽകുന്നത്.
ഏറ്റവും ഒടുവിലായി ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രാകുൽ പ്രീത് സിംഗ്. രാകുലിന്റെ പുതിയ ചിത്രമായ കാക്കിയുടെ പ്രമോഷൻ സമയത്താണ് നടി വിവാദ പരാമർശവുമായി എത്തിയത്.
ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിച്ചു കാണിച്ചാൽ പോലും നായികമാർക്ക് അർഹമായ പ്രതിഫലം നൽകുന്നില്ലെന്ന് രാകുൽ പറയുന്നു. അതിനുദാഹരണമായി താരം ചൂണ്ടിക്കാട്ടിയത് നയൻതാരയെ ആണ്. നായകന്മാരില്ലാത്ത നിരവധി സിനിമകൾ നയൻതാര ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും അവർക്ക് നൽകുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്.
നായകനടന്മാർ പതിനഞ്ചും ഇരുപതും കോടി വാങ്ങുമ്പോഴാണ് നയൻതാരയെപ്പോലൊരു സീനിയർ താരം ഇപ്പോഴും മൂന്നു കോടി മാത്രം പ്രതിഫലത്തിൽ നിൽക്കുന്നത്. അതിൽ മാറ്റം വരുത്താൻ വേണ്ടപ്പെട്ടവർ തയാറാകുന്നില്ലെന്നും രാകുൽ പ്രീത് സിംഗ് പറയുന്നു. കാർത്തി നായകനായ ധീരൻ അധികാരം ഒൻട്ര് എന്ന സിനിമയിൽ രാകുലാണ് നായിക. താരത്തിന്റെ പ്രകടനം കണ്ട് ജൂനിയർ നയൻതാരയെന്നാണ് ആരാധകർ വിളിക്കുന്നത്. തന്നെ അത്രയും സീനിയറായ താരത്തോട് ഉപമിക്കരുതെന്നും അവരെപ്പോലുള്ള നടിമാരെ മാർഗദർശിയാക്കാനാണ് ഞങ്ങളൊക്കെ ശ്രമിക്കുന്നതെന്നും രാകുൽ പറയുന്നു.

നീരജ് പാണ്ഡേയുടെ അയ്യാരി എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയാണ് രാകുൽ. സിദ്ധാർത്ഥ് മൽഹോത്രയും മനോജ് വാജ്പേയിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യാരി അടുത്ത ജനുവരി 26ന് തിയേറ്ററുകളിലെത്തും.


https://www.facebook.com/Malayalivartha


























