ഇത്രയും മതിയോ..? വേണമെങ്കിൽ ഒരു ടേക്ക് കൂടി പോകാം...

ഡ്യൂപ്പുകളൊന്നും ഇല്ലാതെ തന്നെ സംഘട്ടന രംഗങ്ങളിലും സാഹസിക രംഗങ്ങളിലും അഭിനയിക്കുന്ന നടന്മാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ നടിമാർ അതിന് തയ്യാറായാലോ?. ആക്ഷൻ രംഗങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി തൃഷ. നടിയുടെ പ്രകടനം കണ്ടു ഞെട്ടിയിരിക്കുകയാണ് സിനിമാപ്രവർത്തകർ. തിരുഘ്നനം സംവിധാനം ചെയ്യുന്ന പരമപദം വിളയാട്ട് എന്ന ചിത്രത്തിലാണ് തൃഷയുടെ സാഹസികത അരങ്ങേറിയത്.
ഈ ചിത്രത്തിന്റെ സെറ്റിലെ തൃഷയുടെ പെരുമാറ്റം മാതൃകാപരമാണെന്നാണ് സംവിധായകൻ പറയുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും ഇത്രയും മതിയോ വേണമെങ്കിൽ ഒരു ടേക്ക് കൂടി പോകാം എന്നൊക്കെയാണ് താരത്തിന്റെ അഭിപ്രായം. ഇത്രയും സീനിയറായ ഒരാളിൽ നിന്ന് തങ്ങൾ ഇത്രയും എളിമയുള്ള വാക്കുകൾ പ്രതീക്ഷിച്ചില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങളിലും സാഹസിക രംഗങ്ങളിലും ഡ്യൂപ്പില്ലാതെ അഭിനയിച്ച് സംവിധായകനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ് താരം.
ഈ ചിത്രത്തിൽ തൃഷ ഡോക്ടറാണ്. ഡോക്ടറെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥ കേട്ടയുടൻ തൃഷ ഒ.കെ പറഞ്ഞ ചിത്രം കൂടിയാണിത്. ഏർക്കാടിലെ കാട്ടിലാണ് ത്രില്ലർ ആക്ഷൻ ചിത്രമായ പരമപദത്തിന്റെ ആദ്യ ഷെഡ്യൂൾ. സ്റ്റണ്ണർ ശ്യാം ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.
വളരെ സാഹസികമായ ഒരു സംഘട്ടന രംഗത്ത് ഡ്യൂപ്പിനെ ഇടാം എന്ന് പറഞ്ഞപ്പോൾ, വേണ്ട താൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് തൃഷ മുന്നോട്ട് വരികയായിരുന്നു. മുഴുവൻ ടീമിനെയും അമ്പരപ്പിക്കും വിധം ഭംഗിയായി താരം ആ രംഗം പൂർത്തിയാക്കുകയും ചെയ്തു.



https://www.facebook.com/Malayalivartha


























