എന്നെ ആരും മാറ്റിയതല്ല; ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല...

റോഷൻ ആഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അമല പോളിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ അമലാപോളിനെ മാറ്റിയെന്നും പകരം പ്രിയ ആനന്ദ് ആണ് നായികയെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സിനിമയിൽ അമല ഇല്ലാത്തതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.
സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ കൊച്ചുണ്ണിയിൽ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്ന ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് അമലാ പോൾ. എന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ഞാൻ സ്വയം പിന്മാറിയതാണെന്നും അമല ട്വീറ്റ് ചെയ്തു.
ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല എന്നും താരം പറഞ്ഞു. ചിത്രത്തിൽ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്.
പൃഥ്വിരാജിന്റെ എസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.
https://www.facebook.com/Malayalivartha






















