കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ ഇറാനിയന്‍ സൗന്ദര്യറാണി

ഫിലിപ്പീന്‍സിലെ രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി, കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ രണ്ട് ആഴ്ചയായി ജീവിക്കുന്നത് വിമാനത്താവളത്തില്‍. ഇറാനിലേക്ക് നാടു കടത്തപ്പെട്ടാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റര്‍പോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഇറാനിയന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് ബഹോറെയുടെ പരാതി. 2018-ലാണ് ഇറാന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. അനിശ്ചിതത്വത്തിന്റെ ആശങ്കയില്‍ സഹായത്തിനായി രാജ്യാന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹോറെ.
കഴിഞ്ഞ 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെയുടെ താമസം. മനിലയില്‍ അടുത്തിടെ നടന്ന മിസ് ഇന്റര്‍കോണ്ടിനന്റല്‍ പേജന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. 2014 മുതല്‍ ഫിലിപ്പീന്‍സിലാണ് താമസം. ഇറാനിലേക്കു തിരികെ പോകുന്നില്ലെന്നാണ് തീരുമാനം. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന തനിക്കെതിരെ ഇറാനില്‍ എങ്ങനെയാണ് ക്രിമിനല്‍ കേസുണ്ടാകുന്നതെന്ന് ഞാന്‍ പല തവണ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ബഹോറെ പറഞ്ഞു. ഫിലിപ്പീന്‍സില്‍ അഭയാര്‍ഥിയാകാന്‍ താല്‍പര്യമില്ല. അവിടെ എനിക്കു സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ റൂമിലാണു ദിവസങ്ങളായി ബഹോറെ ജീവിക്കുന്നത്. ദുബായില്‍ നിന്നു മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കേസിലെ അനിശ്ചിതത്വം തന്നെ തകര്‍ക്കുന്നതായും മാനസികമായി അസ്വസ്ഥതകളുണ്ടെന്നും ബഹോറെ പ്രതികരിച്ചു കഴിഞ്ഞു.
1979-ലെ ഇറാന്‍ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനാക്കിയ രാജാവ് മുഹമ്മദ് റിസ പഹ്‌ലവിയുടെ മകന്‍ റിസ പഹ്‌ലവിയെ പിന്തുണച്ചതിനാലാണ് ഇറാന്‍ തന്നെ ലക്ഷ്യമിടുന്നതെന്നും ഈ മുപ്പത്തിയൊന്നുകാരി ആരോപിച്ചു. ഇറാനില്‍നിന്നു നാടുകടത്തപ്പെട്ടയാളാണു റിസ പഹ്‌ലവി. അടുത്തിടെ നടന്ന ഒരു സൗന്ദര്യ മത്സരത്തില്‍ പഹ്‌ലവിയുടെ ചിത്രവും ഇറാന്‍ മുന്‍ രാജവംശത്തിന്റെ പതാകയും ബഹോറെ ഉപയോഗിച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകാനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് അന്ന് വിദ്യാര്‍ഥിനി കൂടിയായിരുന്ന ഇവര്‍ പറഞ്ഞത്.
മനിലയിലെ ഇറാനിയന്‍ എംബസിയും ഇറാന്‍ സര്‍ക്കാരും മൗനം തുടരുകയാണ്. സ്റ്റുഡന്റ് വീസയില്‍ ദന്തവൈദ്യം പഠിക്കുന്നതിനായി അഞ്ചു വര്‍ഷം മുന്‍പാണ് ബഹോറെ ഫിലിപ്പീന്‍സിലെത്തുന്നത്. സ്റ്റുഡന്റ്‌സ് വീസ ഓരോ വര്‍ഷവും പുതുക്കി. തനിക്കുള്ള ഇപ്പോഴത്തെ വീസയുടെ കാലാവധി 2020 ജനുവരി വരെയുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ദുബായ് യാത്രയ്ക്കുശേഷം ഒക്ടോബര്‍ 17-ന് മനിലയില്‍ മടങ്ങിയെത്തിയപ്പോഴാണ് ബഹോറെയെ വിമാനത്താവളത്തില്‍ തടഞ്ഞത്. ഫിലിപ്പീന്‍സിലെ ദഗുപന്‍ നഗരത്തിലെ ആക്രമണക്കേസിലും ഈ പെണ്‍കുട്ടി പ്രതിയാണെന്നാണ് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നമാണോ റെഡ് നോട്ടിസ് പുറപ്പെടുവിക്കാന്‍ കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നുമില്ല. രാജ്യാന്തര സ്വഭാവമുള്ള ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ റെഡ് നോട്ടിസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ ഫിലിപ്പീന്‍സില്‍ ആക്രമണ കേസുണ്ടെന്ന ആരോപണം പച്ചക്കള്ളമാണെന്നാണു ബഹോറെ പറയുന്നത്. ഇറാനിലേക്കു തിരികെ വിടാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍. ഫിലിപ്പീന്‍സില്‍ തനിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും ബഹോറെ തിരിച്ചടിച്ചു.
ഒക്ടോബര്‍ 17നു ദുബായില്‍നിന്നു മടങ്ങിയെത്തിയപ്പോഴാണു രാജ്യത്തു പ്രവേശിക്കാനാകില്ലെന്നു ഫിലിപ്പീന്‍സ് അധികൃതര്‍ ബഹോറെയെ അറിയിച്ചത്. തുടര്‍ന്നു വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. വീസയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണു ബഹോറെയോട് അധികൃതര്‍ ആദ്യം പറഞ്ഞത്. ഇറാനിലേക്കു മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ബഹോറെ ഒരു സുഹൃത്തിനെ സഹായത്തിനായി വിളിച്ചു. എവിടേക്കും പോകില്ലെന്നു മറുപടി കൊടുത്ത യുവതി വിമാനത്താവളത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ബഹളമായതോടെ സുഹൃത്തെത്തി വിമാനത്താവള അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദേശ പൗരന്മാര്‍ ഫിലിപ്പീന്‍സിലെ നിയമത്തെ ബഹുമാനിക്കാന്‍ തയാറാകണമെന്ന നിലപാടാണ് ഇമിഗ്രേഷന്‍ കമ്മിഷണര്‍ ജെയിം മൊറെന്റെ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha