മരണം കണ്മുന്നില്‍ കണ്ട ഒരു കണ്ടെയ്‌നര്‍ യാത്രയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്നു ജവാദ് അമീറി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23-ന് ലണ്ടനില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത വന്നപ്പോള്‍ ജവാദ് അമീറിയുടെ നെഞ്ചിലെ തീ പിന്നെയും ആളിക്കത്തുകയാണ്. ശ്വസിക്കാന്‍ ഒരിറ്റു വായു കിട്ടുന്നില്ലെന്ന്, കണ്ടെയ്‌നറിലുണ്ടായിരുന്നെന്നു കരുതുന്ന വിയറ്റ്‌നാമിലെ ഫാം തി ട്രാ മൈ എന്ന പെണ്‍കുട്ടി അവളുടെ അമ്മയ്ക്ക് അവസാനമായി അയച്ച സന്ദേശം പുറത്തുവന്നപ്പോള്‍ ജവാദിയുടെ ഓര്‍മ്മകള്‍ മൂന്നു വര്‍ഷത്തിനു മുമ്പുള്ള ഒരു രാത്രിയിലേക്ക് പോയി. ബിബിസി പുറത്തുകൊണ്ടുവന്ന ജവാദിയുടെ കഥ ഇങ്ങനെയാണ്.
നല്ലൊരു ഭാവി സ്വപ്നം കണ്ട് അഫ്ഗാനില്‍ നിന്ന് ബ്രിട്ടനിലേക്ക് ഏതുവിധേനയും കടക്കാന്‍ എത്തിയതായിരുന്നു ഇരുപത്തിയെട്ടുകാരനായ ജവാദും ഏഴു വയസ്സുള്ള സഹോദരന്‍ അഹമ്മദും. ഒരുവിധത്തില്‍ ഇരുവരും, അന്നു മനുഷ്യക്കടത്തിന്റെ കുപ്രസിദ്ധ കേന്ദ്രമായിരുന്ന ഫ്രാന്‍സിലെ കാലൈയിലെത്തി. അവിടെ ഒരു അഭയാര്‍ഥി ക്യാംപില്‍ താമസിക്കുകയായിരുന്നു ഇരുവരും. ഓരോ ദിവസവും അവിടെ ട്രക്കുകളെത്തും. ഓരോരുത്തരുടെയും കയ്യിലുള്ള പണം മുഴുവന്‍ വാങ്ങിയെടുക്കും. പതിനഞ്ചോ മുപ്പതോ പേരെ ഓരോ ട്രക്കിലും നിറയ്ക്കും. മരുന്നും ഭക്ഷ്യവസ്തുക്കളുമെല്ലാമായി പോകുന്ന ട്രക്കുകളായിരുന്നു എല്ലാം. അതിനിടയില്‍ മനുഷ്യരെ ഒളിച്ചു കടത്തുന്നതായിരുന്നു രീതി. എങ്ങോട്ടാണ് അവര്‍ പോകുന്നതെന്നോ എന്ന് ലക്ഷ്യസ്ഥാനത്തെത്തുമെന്നോ ആര്‍ക്കും അറിയില്ല. നല്ല ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് പക്ഷേ ഓരോ അഭയാര്‍ഥിയും ആ ട്രക്കുകളെ കണ്ടത്. കണ്ടെയ്‌നറില്‍ കിടന്ന് ആരെങ്കിലും മരിച്ചാല്‍ പോലും മനുഷ്യക്കടത്തുകാര്‍ക്ക് യാതൊരു കൂസലുണ്ടായിരുന്നില്ല.
ഒരു രാത്രി ജവാദിനും സഹോദരനും കണ്ടെയ്‌നറുകളിലൊന്നില്‍ പോകാന്‍ അവസരം ലഭിച്ചു. മരുന്നു നിറച്ച കണ്ടെയ്‌നറിലായിരുന്നു യാത്ര. ആകെ 15 പേരായിരുന്നു ഉണ്ടായിരുന്നത്. കയറിയ ഉടനെ അവര്‍ പുറത്തുനിന്നു വാതിലടച്ചു. ആ വലിയ വാതില്‍ ഒച്ചയോടെ അടഞ്ഞപ്പോള്‍ തന്നെ പലരുടെയും പാതി ജീവന്‍ പോയിരുന്നു. കാരണം ഇനിയത് തുറക്കണമെങ്കില്‍ പുറത്തു നിന്ന് ആരെങ്കിലും മനസ്സുവയ്ക്കണം.
മരുന്നു പെട്ടികള്‍ അടുക്കിവച്ചതിന് ഏറ്റവും മുകളിലായിരുന്നു കിടക്കേണ്ടിയിരുന്നത്. കണ്ടെയ്‌നറിന്റെ മുകള്‍ഭാഗവും മരുന്നുപെട്ടികളിലെ ഏറ്റവും മുകളിലുള്ള ഭാഗവും തമ്മിലുണ്ടായിരുന്ന അര മീറ്റര്‍ ഒഴിവിലായിരുന്നു കിടപ്പ്. 15/16 മണിക്കൂര്‍ വരെ അങ്ങനെ കിടക്കേണ്ടി വന്നു. അനങ്ങാന്‍ പോലുമാകാത്ത അവസ്ഥ. നില്‍ക്കാനോ ഇരിക്കാനോ പറ്റില്ല. ചുറ്റിലും ഇരുട്ട്. സഞ്ചരിക്കുന്ന ഒരു സെമിത്തേരിയാണതെന്നു പോലും തോന്നിപ്പോയി.
തുടക്കത്തില്‍ നല്ല തണുപ്പായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ റഫ്രിജറേഷന്‍ സംവിധാനം തകരാറിലായി. അതോടെ കണ്ടെയ്നറിലാകെ ചൂടു നിറഞ്ഞു. അത് കൂടിക്കൂടി വന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ അതുവരെ ഉപയോഗിച്ച കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളുമെല്ലാം മാറ്റി. കയ്യിലുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. കഴിക്കാന്‍ യാതൊന്നുമില്ല. ശുചിമുറി സൗകര്യവും ഇല്ല. എല്ലാവരും വിയര്‍ത്തുകുളിച്ചു.
അതിനിടെയാണ് അഹമ്മദ് ശ്വാസം കിട്ടാതെ കരയാനും ചുമയ്ക്കാനും തുടങ്ങിയത്. കണ്ടെയ്‌നര്‍ ചുട്ടുപഴുക്കാനും തുടങ്ങി. ഒരാള്‍ക്കു പോലും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ. എല്ലാവരും ചേര്‍ന്ന് കണ്ടെയ്‌നറിന്റെ മേല്‍ക്കൂരയില്‍ ആഞ്ഞടിച്ചു. ഒരുവിധത്തില്‍ പലരും ഡ്രൈവറെ വിളിച്ചു കരഞ്ഞു. ഇടയ്‌ക്കെല്ലാം അയാള്‍ വാഹനം നിര്‍ത്തി. അപ്പോഴെല്ലാം വാതില്‍ തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മിണ്ടാതിരിക്കാന്‍ ആക്രോശിക്കുകയായിരുന്നു അയാള്‍. ചിലരുടെ കയ്യില്‍ ഫോണുണ്ടായിരുന്നെങ്കിലും പൊലീസിനെ വിളിക്കാന്‍ ഭയം. അവര്‍ തിരികെ നാട്ടിലേക്ക് അയയ്ക്കുമോയെന്നായിരുന്നു ആശങ്ക. അതിനിടെ ഫോണിലെ ബാറ്ററിയും തീര്‍ന്നു.
ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് അഹമ്മദിന് ഒരു സന്നദ്ധ സംഘടന പ്രവര്‍ത്തക ചെറിയൊരു ഫോണ്‍ നല്‍കിയിരുന്നു. ആ ഫോണില്‍ അവരുടെ നമ്പറുമുണ്ടായിരുന്നു. അതിലേക്ക് ഒരു വിധത്തില്‍ സന്ദേശമയച്ചു. കണ്ടെയ്‌നറില്‍ വായുവില്ലെന്നും ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നില്ലെന്നുമായിരുന്നു സന്ദേശം. സഹായം അഭ്യര്‍ഥിച്ചുള്ള ആ സന്ദേശം ഫലം കണ്ടു. പൊലീസില്‍ വിവരമെത്തി, കണ്ടെയ്‌നര്‍ കസ്റ്റഡിയിലെടുത്തു.
സ്വര്‍ഗം ലഭിച്ച സന്തോഷമായിരുന്നു അന്നേരമെന്ന് ജവാദ് ഓര്‍ക്കുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ ആര്‍ക്കും കുഴപ്പമില്ലെന്നു വ്യക്തമാക്കി. അല്‍പമെങ്കിലും വൈകിയിരുന്നെങ്കില്‍ അതായിരുന്നിരിക്കില്ല ഫലമെന്ന മുന്നറിയിപ്പും. എന്തായാലും ആരെയും തിരികെ വിട്ടില്ല. എല്ലാവരെയും ഒരു ഹോസ്റ്റലിലേക്കു മാറ്റി. വൈകാതെ യുകെയില്‍ താമസിക്കാനുള്ള അംഗീകാരവും ജവാദിനും അഹമ്മദിനും ലഭിച്ചു.
ലണ്ടനില്‍ പിടിച്ചെടുത്ത കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നതായി കരുതുന്ന വിയറ്റ്നാം പെണ്‍കുട്ടി ഫാം തി ട്രാ മൈ(26), യുകെയിലേക്കു കടക്കാനുള്ള തന്റെ ശ്രമം പരാജയപ്പെടുകയാണെന്നും ശ്വാസം കിട്ടുന്നില്ലെന്നും പറഞ്ഞ ശേഷം മാതാപിതാക്കളോടു ക്ഷമയും പറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചത്.
നൂറോളം പേരുമായി യാത്ര ചെയ്ത മൂന്നു ട്രക്കുകളിലൊന്നിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ശേഷിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കാജനകമായ കാര്യമാണ്. മൃതദേഹങ്ങളില്‍ പലതിനുമൊപ്പം തിരിച്ചറിയല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. വിരലടയാളം, ഡിഎന്‍എ, ശരീരത്തിലെ ടാറ്റൂകളും അടയാളങ്ങളും തുടങ്ങിയവയാണ് നിലവില്‍ തിരിച്ചറിയാനുള്ള വഴികള്‍. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവര്‍ മോറിസ് റോബിന്‍സണ്‍(25) ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സ്ത്രീയെയും പുരുഷനെയും ജാമ്യത്തില്‍ വിട്ടു. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരാള്‍ക്കും ജാമ്യം ലഭിച്ചു.
https://www.facebook.com/Malayalivartha