നിങ്ങളാരും തിരിച്ചുവരേണ്ട അവിടെ തുടർന്നാൽ മതി; ഫ്ലൂമിസിനോ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളോട് മുഖംതിരിച്ച് സോഷ്യൽ മീഡിയ: ഇത്തരത്തിൽ പ്രതികരിക്കുന്നവർ അവരോ അവരുടെ വീട്ടുകാരോ ഈ സ്ഥിതിയിലാണെങ്കിൽ ഇങ്ങനെ പറയുമോ എന്ന് യാത്രക്കാർ- ഗർഭിണിയും രണ്ടു വയസ്സായ കുട്ടിയും ഉൾപ്പെടെയുള്ളവർ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പിടിച്ചുനിൽക്കുന്നത് ചോക്ലേറ്റുകളും മറ്റും ഭക്ഷിച്ച്

ഇറ്റലിയിലെ ഫ്ലൂമിസിനോ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ ദുരിതത്തിൽ. കോവിഡ് – 19 രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാനാകില്ലെന്ന വിമാനക്കമ്പനിയുടെ നിലപാടിലാണ് യാത്രക്കാരായ മലയാളികൾ വലയുന്നത്. ഇറ്റലിയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കാനാകില്ലെന്ന് കേരളത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതായാണ് വിമാനക്കമ്പനി അറിയിച്ചത്. ഇതോടെ ഇവരുടെ മടങ്ങിവരവ് മുടങ്ങുകയായിരുന്നു. ഗർഭിണിയും രണ്ടു വയസ്സായ കുട്ടിയും ഉൾപ്പെടെയുള്ളവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
റെഡ് അലർട്ട് കാരണം റോമിലേക്കും മറ്റും മടങ്ങാനാകാതെ ഇവർ വിമാനത്താവളത്തിൽ തുടരുന്ന സാഹചര്യത്തിൽ വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ലെന്നും ചോക്ലേറ്റുകളും മറ്റും ഭക്ഷിച്ച് പിടിച്ചുനിൽക്കേണ്ട സ്ഥിതിയിലാണെന്നും ഇവർ പറയുന്നു. വിഷയത്തിൽ ഇടപെടണമെന്നു കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടും കേന്ദ്ര സർക്കാരിൽ നിന്ന് വേണ്ട നടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ഇവർ കുടുങ്ങിയെന്ന വാർത്തയ്ക്ക് മറുപടിയായി ‘നിങ്ങളാരും തിരിച്ചുവരേണ്ട അവിടെ തുടർന്നാൽ മതിയെന്ന’ രീതിയിൽ ചില കമന്റുകൾ സോഷ്യൽ മീഡിയയിലും മറ്റും കണ്ടെന്നും ഇത്തരത്തിൽ പ്രതികരിക്കുന്നവർ അവരോ അവരുടെ വീട്ടുകാരോ ഈ സ്ഥിതിയിലാണെങ്കിൽ ഇങ്ങനെ പറയുമോ എന്നും ഇവർ ചോദിക്കുന്നു.
ചൊവ്വാഴ്ച മുതൽ ഇറ്റലിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലെത്തുന്നവർ വൈറസ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സിവിൽ എവിയേഷൻ ഡയറക്ടർ ജനറൽ അറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളിൽ നിന്ന് ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നതെന്നും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റും ചെയ്തിരുന്നു. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ നൽകുന്ന വിവരം.
https://www.facebook.com/Malayalivartha