കോവിഡ് വ്യാപനത്തിൽ ഇറാന് പങ്കുണ്ട്; ആരോപണവുമായി സൗദി മന്ത്രിസഭ; നിരുത്തരവാദമായ നടപടിയെന്ന് യോഗം

ഗൾഫിലെ കോവിഡ് 19 വ്യാപനത്തിൽ ഇറാന് പങ്കുണ്ടെന്ന ആരോപണവുമായി സൗദി മന്ത്രിസഭ. സൗദി പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയതാണ് കൊറോണ വ്യാപനത്തിന് കാരണമെന്ന് ചൊവ്വാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ആരോപിച്ചു . നിരുത്തരവാദ നടപടിയെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു.
കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുമ്പോഴായിരുന്നു ഇറാനെതിരെ ശക്തമായ വിമർശന സ്വരം ഉയർന്നു വന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തിയത് . ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാന്റെ നിരുത്തരവാദിത്വം കാരണമായി. അതുകൊണ്ട് കൊറോണ വ്യാപനത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ ശക്തമായ ഭാഷയിൽ അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻ കരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വദേശികളും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ സൗദിയുടെ നിലപാടിനെ മന്ത്രിസഭ പ്രശംസിക്കുകയും ചെയ്തു . സൗദിയുടെ മാനുഷിക വിഷയങ്ങളിലെ താൽപര്യവും കോവിഡ് വ്യാപനം തടയുന്നതിന് നൽകുന്ന വലിയ സഹകരണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹായമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ടൂറിസം, വിവര സാങ്കേതികവിദ്യ എന്നിവക്ക് വേണ്ടി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.
https://www.facebook.com/Malayalivartha