കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി വിടവാങ്ങി... വെറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗം, പാരീസില്‍ താമസിച്ചിരുന്ന രാജകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ അടുത്ത വെള്ളിയാഴ്ച മാഡ്രിഡില്‍

കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവര്‍. 86 വയസായിരുന്നു. സഹോദരന്‍ സിസ്റ്റോ എന്റിക്യു രാജകുമാരനാണ് മരണ വിവരം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. സ്പാനിഷ് രാജാവ് ഫിലിപ് ആറാമന്റെ ബന്ധുകൂടിയാണ് അന്തരിച്ച മരിയ തെരേസ. ഫിലിപ് രാജാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്. പാരീസില്‍ താമസിച്ചിരുന്ന രാജകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ അടുത്ത വെള്ളിയാഴ്ച മാഡ്രിഡില്‍ നടക്കും.
1933 ജൂലൈ 28ന് സ്പാനിഷ് രാജകുടുംബത്തിലെ പ്രമുഖരായ ബോര്‍ബന്‍-പാര്‍മ വിഭാഗത്തിലാണ് മരിയ തെരേസ രാജകുമാരി ജനിച്ചത്. സേവ്യര്‍ രാജകുമാരനും മേഡലിന്‍ ഡി ബോര്‍ബനുമാണ് മാതാപിതാക്കള്‍. ഫ്രാന്‍സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍, മാഡ്രിഡിലെ കംപ്ലറ്റന്‍സ് സര്‍വകലാശാലയില്‍ സോഷ്യോളജി പ്രഫസറായി സേവനം അനുഷ്ഠിച്ചു. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയ രാജകുമാരി, തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നതിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 'റെഡ് പ്രിന്‍സസ്' എന്ന വിളി പേരിലാണ് മരിയ തെരേസ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം, ബ്രിട്ടീഷ് രാജ്ഞിയുടെ മകനും ബ്രിട്ടീഷ് സിംഹാസനത്തിന്റെ അടുത്ത അവകാശിയുമായ ചാള്‍സ് രാജകുമാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചാള്‍സ് രാജകുമാരന്‍ കൊറോണ വൈറസ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയെന്നാണ് റിപ്പോര്‍ട്ട്. ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. നിലിവല്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്. ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഐസൊലേഷനില്‍ കഴിയുകാണ്. നേരത്തെ, എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് മാറ്റിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതെന്നാണ് കൊട്ടാരം അറിയിച്ചതെങ്കിലും പിന്നീട് രാജകുമാരന് തന്നെ രോഗം സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അധികൃതര്‍ അറിയിക്കുകയായിരുന്നു.
അമേരിക്ക അടക്കം ലോക രാജ്യങ്ങളില്‍ കോവിഡ് വൈറസ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണം ഉയരുകയാണ്. വിവിധ രാജ്യങ്ങളിലായി ആകെ 6,63,828 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 30,822 പേര്‍ മരണപ്പെടുകയും 1,39,451 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,24,217ല്‍ എത്തി. 2,185 പേര്‍ മരണപ്പെടുകയും 1,095 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 672 പേര്‍ ന്യൂയോര്‍ക്ക് സിറ്റിയിലും 136 പേര്‍ വാഷിങ്ടണിലും 86 പേര്‍ ന്യൂ ജെഴ്സിയിലും 70 പേര്‍ ലൂസിയാനയിലും 53 പേര്‍ ന്യൂയോര്‍ക്കിലും നിന്നുള്ളവരാണ്.
"
https://www.facebook.com/Malayalivartha