ഉത്തര കൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നു, വിചാരണ തടവുകാരുടെ മൃതശരീരം വളമാക്കുന്നു!

ഉത്തരകൊറിയയിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിക്കുന്നു. ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോഴും ഉത്തരകൊറിയയില്‍ വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി യുവതി പറയുന്നു.
യുഎസ് ഗവണ്‍മെന്റ് കമ്മിറ്റിയോടാണ് പ്യോങ്യാങ്ങില്‍ നിന്ന് 500 മൈലുകള്‍ അകലെ കെയ്‌ച്ചോണ്‍ പ്രവിശ്യയിലുള്ള കോണ്‍സ്‌ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട കിം ഇല്‍ സങ് (ശരിയായ പേരല്ല)എന്ന യുവതി ഉത്തരകൊറിയയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെയ്‌ച്ചോണിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജയിലില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതായും ചില രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വളരെ ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതെന്നും കൂടുതല്‍ തടവുകാര്‍ മരിച്ചാല്‍ കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതല്‍ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതില്‍ ഉള്‍പ്പെടും.
ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ലീ സൂണ്‍ എന്ന വിചാരണത്തടവുകാരനും, 18 മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നും 300 പേര്‍ക്ക് ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും യുഎസ് ഗവണ്‍മെന്റ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയിരുന്നു. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂണ്‍ പറയുന്നു. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാല്‍സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നും നേരത്തെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡനും വെളിപ്പെടുത്തിയിരുന്നു.
തടവറകളില്‍ കിടക്കുന്നവര്‍ക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. ലോഹദണ്ഡുകള്‍ കൊണ്ടുള്ള മര്‍ദനമേറ്റ് പലരും കൊല്ലപ്പെട്ടതായും യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും ജയിലില്‍ മോഷണം നടത്തുന്നവര്‍ക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നതെന്നും യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.ഇത്തരക്കാരെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുന്നതു പതിവാണ്.
ഇടയ്ക്കിടെ തടവുകാരുടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയാണ് പരിശോധന. ശരീരത്തില്‍ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലര്‍ക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലില്‍ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്, അതും കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലാണെന്നും ജയിലില്‍ നിന്നും രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു.
അതീവ വൃത്തിഹീനമായ സാഹചര്യമാണ് ജയിലുകളില്‍ ഉള്ളത്്. ആവശ്യത്തിനു ഭക്ഷണം പോലുമില്ല. അതിനാല്‍ത്തന്നെ രോഗങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്‌നങ്ങളും പതിവ്, ഒട്ടേറെ പേര്‍ ജയിലില്‍ കണ്‍മുന്നില്‍ മരിച്ചു വീണിട്ടുണ്ട്...' യുഎന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടെത്തിയവര്‍ തുറന്നു പറയുന്നു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
രോഗികള്‍ക്ക് ആരോഗ്യപരിരക്ഷയും നല്‍കുന്നില്ല. ക്ഷയം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പല ജയിലുകളിലും പടര്‍ന്നുപിടിച്ച അവസ്ഥയിലാണ്.പലര്‍ക്കും ലേബര്‍ ക്യാംപുകളില്‍ ദീര്‍ഘനേരത്തേക്കു ജോലിയെടുക്കേണ്ടി വരാറുണ്ട്. ഇതിനിടെ അപകടങ്ങളും പതിവ്. ഇങ്ങനെ മരിച്ചവരുടെ എണ്ണവും ഏറെ. രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാര്‍പ്പിക്കുക. ഇവര്‍ക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബര്‍ ക്യാംപുകളില്‍ ജോലിയെടുക്കേണ്ടത്.
രണ്ടാംലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടന കൊറോണ വൈറസ് ബാധയെ വിശേഷിപ്പിച്ചത്. 42,151 പേരാണ് ഇത് വരെ മരിച്ചത്. എന്നാല്‍ ഒരൊറ്റ കൊറോണ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉത്തരകൊറിയ. കോവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്കു പടര്‍ന്നു പിടിക്കുമ്പോള്‍ മിസൈല്‍ പരീക്ഷണങ്ങള്‍ വന്‍തോതില്‍ പുനരാരംഭിച്ചത് വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha