വോഡ്‌ക കഴിച്ചാല്‍ കൊവിഡ് തടയാമെന്ന വിചിത്ര വാദവുമായി പ്രസിഡന്റ്; ഫുട്ബോള്‍ കാണാന്‍ എത്തിവരില്‍ 'ഡമ്മികളും'; ബെലറൂസില്‍ കളി പോലും മാറ്റിവച്ചില്ല

കൊവിഡിന് പുല്ലുവില കല്പിച്ചു കൊണ്ട് കൂളായി നടക്കുന്ന ബെലറൂസ്‌കാരെ പറ്റി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ലോകത്തെ എല്ലാ പ്രമുഖ ക്ലബുകളും ടൂര്‍ണമെന്റ് പിന്‍വലിച്ചിട്ടും ബെലറൂസില്‍ മാത്രം ഇപ്പോഴും ഫുട്ബോള്‍ കളിയ്ക്ക് യാതൊരു മുടക്കവുമില്ല. ഗാലറിയിൽ ആണെങ്കിൽ നിറഞ്ഞ് കാണികളും .
കഴിഞ്ഞ ദിവസം ഡൈനാമോസ് ബ്രീസ്‌റ്റ്, ഷാഖ്ടൈയര്‍ സോലിഗോര്‍സ്‌ക് എന്നിവര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ കുറേ ' പ്രത്യേക വിഭാഗ' വും കളികാണാനെത്തിയിരുന്നു. ഗാലറിയില്‍ കുറേ ഡമ്മികളെ കളികാണുന്ന തരത്തില്‍ സീറ്റുകളിലിരുത്തിയിരുന്നു. ഓരോ ഡമ്മിയിലും ഓരോ മനുഷ്യരുടെയും ഫോട്ടോയും കാണാം. കളി നേരിട്ട് വന്ന് കാണാന്‍ കഴിയാത്തവരുടെ ചിത്രങ്ങളാണ് ഓരോ ഡമ്മികളിലും. ഇത്തരത്തില്‍ ഫോട്ടോ പതിയ്ക്കുന്നതിന് 21 പൗണ്ട് നല്‍കണം.
ഫോട്ടോയ്ക്ക് പകരം ടീമിന്റെ ജേഴ്‌സിയോ ആകാം. കൊവിഡിനെ വകവയ്ക്കാതെ, ഒരു മാസ്‌കു പോലുമില്ലാതെ കളി കാണാനെത്തിയവരും കുറവല്ല. മത്സരത്തില്‍ 2- 0 എന്ന നിലയ്ക്ക് ഡൈനാമോകളാണ് വിജയിച്ചത്. മാസ്‌കും ധരിച്ച് കളികാണാനെത്തുന്നത് തങ്ങള്‍ക്ക് സങ്കല്‌പിക്കാന്‍ പോലുമാകില്ലെന്നാണ് ചില ബെലറൂസ്‌കാര്‍ പറയുന്നത്. ഫോട്ടോ പതിച്ച ' ഡമ്മി ഫാന്‍സി' ല്‍ ഭൂരിഭാഗവും ബ്രിട്ടണ്‍, ഇറാന്‍, യു.എ.ഇ, ഉസബകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളതാണ്.
ലോക്ക്ഡൗണ്‍ നിലനില്ക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് മത്സരം കാണാനാകില്ല. അതുകൊണ്ടാണ് ഡമ്മിയില്‍ ഫോട്ടോ പതിക്കുന്ന ഐഡിയയുമായി അധികൃതര്‍ എത്തിയത്. 12ന് നടക്കാന്‍ പോകുന്ന മത്സരത്തിലേക്കും ക്ലബുകള്‍ ഡമ്മിയില്‍ ഫോട്ടോ പതിച്ച ' വെര്‍ച്വല്‍ ഫാന്‍സി'ന് വേണ്ടി ടിക്കറ്റ് വില്‌പന തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റുകള്‍ വഴി ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബെലറൂസിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ക്ലബ് അംഗങ്ങള്‍ പറയുന്നു.
വൈറസിനെ തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇപ്പോഴും ജനജീവതം സാധാരണയായി നടക്കുന്ന ബെലറൂസ് അപകടം സ്വയം ക്ഷണിച്ചുവരുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയ്ക്കാകട്ടെ കൊവിഡിനെ ഓര്‍ത്ത് യാതൊരു ടെന്‍ഷനുമില്ല. പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബെലറൂസില്‍ ഇപ്പോഴും ഫാക്‌ടറികളും സ്‌കൂളുകളും ബാറുകളും തിയേറ്ററുകളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ആഴ്‌ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസൊലേഷനില്‍ കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ബെലറൂസില്‍ നടന്നുക്കൊണ്ടിരിക്കുന്ന പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടി.വിയിലൂടെ കാണുന്നുണ്ട്. ഐസ് ഹോക്കി മാച്ചുകള്‍ക്കും രാജ്യത്ത് മുടക്കമില്ല. പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ പറയുന്നത് വോഡ്‌ക കഴിച്ചാല്‍ കൊവിഡിനെ തടയാമെന്നാണ്. !. നിലവില്‍ 1,486 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധയുള്ളതായും 16 പേര്‍ മരിച്ചെന്നുമാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ രോഗ ബാധിതരുടെ എണ്ണം ബെലറൂസ് മറച്ചു വയ്ക്കുന്നതായി ആരോപണമുണ്ട്.
https://www.facebook.com/Malayalivartha