കോവിഡ് വ്യാപനം യുഎഇ ലേബര്‍ ക്യാംപുകളില്‍ കുറവെന്ന് പരിശോധനാഫലം

ലേബര്‍ ക്യാംപുകളില്‍ 10,000 തൊഴിലാളികളെ പരിശോധിച്ചതില്‍ 22 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചതെന്നും ക്യാംപുകളില്‍ വലിയ തോതില്‍ കോവിഡ് വ്യാപനമില്ലെന്നും യുഎഇയിലെ കോവിഡ് പരിശോധനാ ലാബ്. പരിശോധന സ്വകാര്യമേഖലയില്‍ നടത്താനുള്ള ആദ്യ അംഗീകാരം ലഭിച്ച അല്‍ഫുത്തൈം ഗ്രൂപ്പ് ആണു റൈറ്റ് ഹെല്‍ത്ത് എന്ന സ്ഥാപനവുമായി ചേര്‍ന്നു ലേബര്‍ ക്യാംപുകളില്‍ സ്‌ക്രീനിങ് നടത്തുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ ഇതുവരെ തൊഴിലാളികളില്ല.
അരലക്ഷം തൊഴിലാളികളെ ഒരുമാസം കൊണ്ട് പരിശോധിക്കാനാണ് പദ്ധതിയെന്നു റൈറ്റ് ഹെല്‍ത്ത് സിഇഒ ജയന്‍ കൃഷ്ണപിള്ള അറിയിച്ചു. ലേബര്‍ ക്യാംപുകളുള്ള മേഖലകളിലെ 33 ക്ലിനിക്കുകള്‍ വഴി പ്രതിദിനം 1000 ടെസ്റ്റുകള്‍ നടത്താനുള്ള അനുമതിയുണ്ടെങ്കിലും പരമാവധി നൂറെണ്ണത്തിന്റെ ഫലമാണ് പെട്ടെന്നു ലഭിക്കുക. ഇന്‍ഷുറന്‍സുള്ള തൊഴിലാളികള്‍ക്കു പരിശോധന സൗജന്യമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സഹകരിക്കാത്ത കമ്പനികളുമുണ്ട്.
ദുബായിലെ വര്‍സാന്‍ മേഖലയില്‍ ഒരുങ്ങുന്ന ഐസലേഷന്‍ കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ 13,000 പേരെ പാര്‍പ്പിക്കാനാകും. 35 കെട്ടിടങ്ങള്‍ ഉള്ള ഇവിടെ 15 എണ്ണമാണു നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രോഗം കണ്ടെത്തുന്നവരെ ഉടന്‍ ഐസലേഷന്‍ കേന്ദ്രത്തിലേക്കു മാറ്റുന്നത് വ്യാപനം തടയുമെന്നാണു പ്രതീക്ഷ. വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ പരിശോധന നടത്താവുന്ന 14 പുതിയ ഡ്രൈവ് ത്രൂ പരിശോധനാകേന്ദ്രങ്ങളും യുഎഇ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍ യുഎഇ നടപടികള്‍ ശക്തമാക്കി. കൂടുതല്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സേവനവും തേടുന്നു.
https://www.facebook.com/Malayalivartha